വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഹൂഡിയും ഷോർട്ട്‌സും ധരിച്ചെത്തി ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ. മറ്റുഉളളവരിൽ നിന്നും വ്യത്യസ്തമായി കറുത്ത ഹൂഡിയും, ചാരനിറത്തിലുള്ള ഷോർട്ട്‌സും, സ്‌നീക്കറുകളും ധരിച്ചെത്തിയ ജോൺ ഫെറ്റർമാന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെ അമേരിക്കയിൽ അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും ഫെറ്റർമാൻ ഡ്രസ് കോഡ് തെറ്റിച്ചെത്തിയത് നിരവധി വിമർശനങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇന്നലെ വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് ഏഴ് ഡിഗ്രി സെല്‍സ്യസ് താപനില ആയിരിക്കുമെന്നായിരുന്നു പ്രവചനം.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കാപ്പിറ്റോള്‍ മന്ദിരത്തിൽ എത്തിയവരെല്ലാം തന്നെ ഔപചാരികമായ വസ്ത്രം ധരിച്ചാണ് എത്തിയത്. ഫെറ്റർമാൻ കാപ്പിറ്റോള്‍ ഹാളിലേക്ക് കയറുന്നതും, മുൻ നിരയിൽ സ്ഥാനം ഉറപ്പിച്ച് കാലുകൾ നീട്ടി അലസമായി ഇരിക്കുന്ന വീഡിയോകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ഫെറ്റർമാനെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും കമന്റുകളുമായി എത്തുന്നുണ്ട്. കാഷ്വൽ ഫാഷൻ ഡ്രസുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത നിലനിർത്തുന്ന വ്യക്തിയാണ് ജോൺ ഫെറ്റർമാൻ. എന്നാൽ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൂഡിയും, ഷോർട്ട്‌സും ധരിച്ചെത്തിയതാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.
▶️ Surprise at Inauguration: US Senator John Fetterman attends Trump's inauguration in gym shorts and a hoodie, making a bold fashion statement! 👟👕 #Inauguration2025 #JohnFetterman #FashionStatement pic.twitter.com/Pf6oAs7Vap
— Live Updates (@LiveupdatesUS) January 20, 2025
എന്നാൽ ജോൺ ഫെറ്റർമാൻ ഇതാദ്യമായല്ല പൊതുപരിപാടിയിൽ ഹൂഡിയും ഷോർട്ട്‌സും ധരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ അത്താഴവിരുന്നിലും ഫെറ്റർമാൻ ഇത്തരത്തിലൊരു ഡ്രസ് കോഡിൽ എത്തിതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ മാർ-എ-ലാഗോയിൽ വെച്ച് ജോൺ ഫെറ്റർമാൻ ട്രംപുമായി കൂടികാഴ്ച നടത്തിയിരുന്നു. ട്രംപിന്റെ ഭരണത്തിന് കീഴിൽ വരാനിരിക്കുന്ന ചില ഭരണകൂട മാറ്റങ്ങളെ പിന്തുണയ്ക്കാൻ താൻ തയ്യാറാണെന്ന് ഫെറ്റർമാൻ സൂചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
Content Highlights: John Fetterman dress code viral on Social Media