
വാഷിംഗ്ടൺ: ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്ളിക്കേഷനായ ടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ടിക് ടോക്കുമായി മൈക്രോസോഫ്റ്റ് ചർച്ച നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച. നിലവിൽ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക.
അമേരിക്കൻ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു. ആപ്പിന്റെ പ്രവർത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്.
ജനുവരി 19 മുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. 19-നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യുഎസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാർ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് ടി ടോക് പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്.
ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സുപ്രീംകോടതി അംഗീകാരം നൽകിയിരുന്നു. പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ ട്രംപ് അധികാരമേൽക്കുന്നതിന് വെറും മണിക്കൂറുകൾക്ക് മുൻപ് ടിക് ടോക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
Content Highlights: Microsoft might acquire TikTok