വാഷിങ്ടൺ: കാനഡയ്ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ടെലഫോൺിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.
അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചു. കാനഡക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനക്കെതിരെ പത്ത് ശതമാനം നികുതി ചുമത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം.
155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെ കാനഡയും തിരിച്ചടിച്ചിരുന്നു. 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് ഉടനടി നികുതി ഏർപ്പെടുത്തും. 125 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് 21 ദിവസത്തിനകം നികുതി ചുമത്തുമെന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.
ട്രൂഡോ തിരിച്ചടിച്ചതോടെ, കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാൽ നികുതി ഒഴിവാക്കാമെന്ന് ട്രംപ് പരിഹസിച്ചിരുന്നു. കാനഡയ്ക്ക് നൂറുകണക്കിന് ബില്യൺ ഡോളറാണ് യുഎസ് സബ്സിഡിയായി നൽകുന്നത്. ഈ സബ്സിഡി ഇല്ലെങ്കിൽ കാനഡ ഒരു രാജ്യമായി തന്നെ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അമേരിക്കയുടെ സംസ്ഥാനമാവുകയാണെങ്കിൽ കാനഡയിലെ ജനങ്ങൾക്ക് മികച്ച സൈനിക സംരക്ഷണം നൽകുമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇരുരാജ്യങ്ങൾക്കും പ്രത്യാഘാതമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് രണ്ട് ദിവസത്തിനിടെയുണ്ടായത്. ഇതിന് പിന്നാലെയാണ് ട്രംപും ട്രൂഡോയും അനുരഞ്ജനത്തിലേക്ക് എത്തിയത്.
Content Highlights: Donald Trump Suspended Tariff for Imported Goods Canada