വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി-7 എയര്‍ക്രാഫ്റ്റിലാണ് അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നാടുകടത്തലിനായി അടയാളപ്പെടുത്തിയിരിക്കുന്ന 15 ലക്ഷം ആളുകളില്‍ നിന്നും 18,000 രേഖകളില്ലാത്ത ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പുറപ്പെട്ട വിമാനത്തില്‍ എത്രയാളുകളുണ്ടെന്നത് വ്യക്തമല്ല.
പ്യൂ റിസര്‍ച്ച് കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്.
Content Highlights: US sent illegal migrants to India in military flight