![search icon](https://www.reporterlive.com/assets/images/icons/search.png)
മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കോയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ 41 പേർക്ക് ദാരുണാന്ത്യം. 48 പേരുമായി പോയ ബസ് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നു. ബസ് പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ട്രെക്ക് ഡ്രൈവറും കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മെക്സിക്കോയിലെ ചെറുനഗരമായ എസ്കാർസെഗയ്ക്ക് സമീപത്തായിരുന്നു അതിദാരുണ സംഭവം.
അപകടത്തിന് പിന്നാലെ ബസ് അഗ്നിഗോളമാവുകയായിരുന്നു. ബസിന്റെ ലോഹ നിർമ്മിതമായ ഫ്രെയിം മാത്രമാണ് അപകടത്തിൽ ബാക്കിയുള്ളതെന്നും തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാരിൽ പലരേയും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ടൂർസ് അക്കോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. 'സംഭവിച്ചതിൽ അതിയായ ഖേദമുണ്ടെ'ന്ന് ടൂർസ് അക്കോസ്റ്റ ഫേസ്ബുക്കിൽ കുറിച്ചു.
Content Highlights: 41 killed in bus accident in southern Mexico