
ബെയ്ജിങ്: ചൈനയിൽ വിവാഹ രജിസ്ട്രേഷനുകളിൽ കുറവുണ്ടാകുന്നെന്ന് കണ്ടെത്തൽ. രാജ്യത്തെ ജനസംഖ്യാ വളർച്ചയിലുണ്ടാകുന്ന ഇടിവിനെതിരെ രാജ്യം പൊരുതുന്നതിനിടയിലാണ് വിവാഹം കഴിക്കുന്നവരുടെ എണ്ണത്തിലെ കുറവ് വില്ലനായി എത്തിയിരിക്കുന്നത്. 20% ഇടിവാണ് രാജ്യത്ത് വിവാഹ രജിസ്ട്രേഷനിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം 76.8 ലക്ഷം പേരാണ് വിവാഹം രജിസ്റ്റർ ചെയ്തതെങ്കിൽ ഇപ്പോഴത് 61 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. ജനസംഖ്യ ഉയർത്താനായി നിരവധി പദ്ധതികൾ രാജ്യം മുന്നോട്ട് വെച്ചിട്ടും വിവാഹത്തിലുണ്ടാവുന്ന ഇടിവ് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.
2013 ൽ ചൈനയിൽ 1.34 ലക്ഷത്തോളം വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം അത് പകുതിയായി കുറഞ്ഞു. ഇനിയും ഇതുപോലെ ഇടിവ് തുടർന്നാൽ വലിയ സാമ്പത്തിക പ്രശന്ങ്ങളിലേക്ക് പോകുമെന്നാണ് വിദഗ്തരുടെ വിലയിരുത്തൽ.
ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിന്നിട്ടും ചൈനയെ ആശങ്കയിലാക്കുന്നത് രാജ്യത്തെ അതിവേഗം പ്രായമായികൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധനയാണ്. വരുന്ന ദശകത്തിൽ 30 കോടിയിലേറെ ആളുകൾ വിരമിക്കൽ പ്രായത്തിലെത്തി ചേരുമെന്നാണ് നിഗമനം. ഇത് ഏകദേശം യു എസിൻ്റെ മൊത്ത ജനസംഖ്യയോട് ചേർന്ന് നിൽക്കുമെന്നാണ് വിലയിരുത്തൽ.
1980-2015 കാലഘട്ടത്തിലുണ്ടായിരുന്ന 'ഒരു കുട്ടി' നയവും അതിവേഗമുള്ള നഗരവത്കരണവുമാണ് രാജ്യത്തെ ഇന്ന് പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. കൊവിഡിന് ശേഷവും ജനസംഖ്യയിൽ വർദ്ധനവില്ലാത്തതും വിവാഹ മോചന കേസുകളുടെ വർദ്ധനയുമെല്ലാം നിലവിൽ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. 26 ലക്ഷം പേരാണ് കഴിഞ്ഞ വർഷം വിവാഹ മോചനം നേടിയതെന്നാണ് വിലയിരുത്തൽ. സ്ഥിതിഗതികൾ മോശമാവുന്ന സാഹചര്യത്തിൽ വിവാഹം, സ്നേഹബന്ധം, പ്രത്യുത്പാദനം, കുടുംബം എന്നിവയെ പറ്റിയുള്ള ബോധവത്കരണവും നിരവധി പദ്ധതികളും ചൈന ഒരുക്കിയിട്ടുണ്ട്.
content highlight- Report: Marriage registrations in China are on the decline