![search icon](https://www.reporterlive.com/assets/images/icons/search.png)
വാഷിംഗ്ടൺ : ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയും വന്ദേമാതരം ചൊല്ലിയുമാണ് സ്വീകരിച്ചത്. എക്സിലൂടെയാണ് മോദി അമേരിക്കയിലെത്തിയ കാര്യം അറിയിച്ചത്.
" വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യൻ ജനതയുടെയും, നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് യോജിച്ച് പോകും'.
എന്നായിരുന്നു അമേരിക്കയിലെത്തിയ മോദി എക്സിൽ കുറിച്ചത്. യുഎസിലെത്തിയ മോദി ആദ്യം നാഷണൽ ഇന്‍റലിജൻസ് ഡയറക്‌ടര്‍ തുൾസി ഗബ്ബാർഡുമായാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. തുൾസി ഗബ്ബാർഡ് ഇന്ത്യൻ നിലപാടുകളെ പിന്തുണച്ചതായും മോദി തന്റെ എക്സിൽ കുറിച്ചു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാണ് കൂടിക്കാഴ്ച്ച. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കും. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ഇത് കൂടാതെ വ്യാപാരം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങളും ഇരുരാജ്യങ്ങളും ചർച്ച ചെയ്യും.
നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് എതിരെ ഒരു താരിഫും ഏർപ്പെടുത്തിയിട്ടില്ല. മറ്റ് ലോകരാജ്യങ്ങൾക്ക് അമേരിക്ക താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയ്ക്കും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യവും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയാകും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിയ്ക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
Content highlights : PM Modi Meets US Intel Chief Tulsi Gabbard, To Hold Bilateral Talks With Trump