![search icon](https://www.reporterlive.com/assets/images/icons/search.png)
ഗാസ: വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, സാഗുയി ഡെക്കൽ-ചെൻ, യെയർ ഹോൺ എന്നിവരെയാണ് ഹമാസ് ഇന്ന് വിട്ടയയ്ക്കുന്നത്. ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ നിന്ന് 369 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇതിനിടെ ഗാസ വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തെ സംബന്ധിച്ച് ഇസ്രായേലുമായി പരോക്ഷ ചർച്ചകൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസ് ഇന്ന് വിട്ടയയ്ക്കുന്ന യെയർ ഹോണിനെ 2023 ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിനിടെ ഇസ്രയേലിലെ നിർ ഓസ് സെറ്റിൽമെൻ്റിലെ വീട്ടിൽ നിന്നാണ് ഹമാസ് പോരാളികൾ ഗാസയിലേയ്ക്ക് പിടിച്ചുകൊണ്ട് പോയത്. നിർമ്മാണ തൊഴിലാളിയാണ് 46 കാരനായ ഹോൺ. അർജൻ്റീനയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലിൽ എത്തിയ കുടുംബത്തിലെ അംഗമാണ് യെയർ ഹോൺ എന്നാണ് റിപ്പോർട്ട്.
റഷ്യൻ സ്വദേശിയായ ഇസ്രായേൽ പൗരനാണ് ഇന്ന് മോചിപ്പിക്കപ്പെടുന്ന 29കാരനായ അലക്സാണ്ടർ ട്രൂഫനോവ്സ്. കാമുകി സപിർ കോഹനൊപ്പം നിർ ഓസിൽ നിന്ന് ഒക്ടോബർ 7നാണ് ബന്ദിയാക്കപ്പെട്ടത്. ഒക്ടോബർ 7ൻ്റെ ആക്രമണത്തിൽ ട്രൂഫനോവിൻ്റെ പിതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രൂഫനോവ്സിൻ്റെ അമ്മയെയും മുത്തശ്ശിയെയും നേരത്തെ ഹമാസ് ബന്ദികളാക്കിയിരുന്നു. പിന്നീട് 2023 നവംബറിലെ വെടിനിർത്തലിൻ്റെ ഭാഗമായി ഇവരെ മോചിപ്പിച്ചിരുന്നു. 1990കളുടെ അവസാനത്തോടെയാണ് ട്രൂഫനോവ്സ് റഷ്യയിൽ നിന്ന് ഇസ്രായേലിലേക്ക് താമസം മാറിയതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ-ഇസ്രായേൽ പൗരനായ 36കാരനായ ഡെക്കൽ-ചെന്നും ഇന്ന് മോചിതനാകും. നിർ ഓസിൽ നിന്നാണ് ഇയാളെയും ഹമാസ് ബന്ദിയാക്കിയത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തുകയാണെന്ന മുൻ നിലപാട് ഹമാസ് തിരുത്തിയതോടെയാണ് ബന്ദി മോചനം സാധ്യമാകുന്നത്. ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ദി മോചനം പൂർത്തിയാക്കിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. 'ശനിയാഴ്ച 12 മണിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എനിക്കറിയില്ല. എനിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഇസ്രായേലിന്റെ നിലപാട് എന്താണെന്നും എനിക്കും പറയാൻ സാധിക്കില്ല. ഇസ്രായേലിന്റെ നിലപാട് ബെഞ്ചമിൻ നെതന്യാഹു എന്തുചെയ്യാൻ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു'വെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും അതിൽ തനിക്ക് സംശയങ്ങളുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.
ബന്ദികളെ വിട്ടയയ്ക്കുന്നതിൽ നിന്ന് ഹമാസ് പിന്നാക്കം പോയതോടെ മുന്നറിയിപ്പുമായി ഇസ്രയേലും അമേരിക്കയും നേരത്തെയും രംഗത്ത് വന്നിരുന്നു. ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചിരുന്നു. ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കാൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം.
Content Highlights: Three Israeli captives 369 Palestinians set for release in Gaza deal