'എന്റെ കണ്‍മുന്നില്‍ വന്നാല്‍ നിന്നെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല'; രൺവീറിന് മുന്നറിയിപ്പ്

രൺവീറിന്റെ പരാമർശത്തിന് മാപ്പ് നൽകരുതെന്നും കർശന നടപടിയെടുക്കണമെന്നും ഗുർജാർ

dot image

ന്യൂഡൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് മുന്നറിയിപ്പുമായി മുൻ ഡബ്ല്യുഡബ്ല്യുഇ റസ്ലിംഗ് താരം സൗരവ് ഗുർജാർ. തന്റെ കൈവശം കിട്ടിയാൽ രൺവീറിന് രക്ഷയുണ്ടാകില്ലെന്ന് ഗുർജാർ പറഞ്ഞു. രൺവീറിന്റെ പരാമർശത്തിന് മാപ്പ് നൽകരുത്. അയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗുർജാർ ആവശ്യപ്പെട്ടു. വീഡിയോയിലൂടെയായിരുന്നു ഗുർജാറിന്റെ പ്രതികരണം.

ഷോയിൽ രൺവീർ പറഞ്ഞകാര്യങ്ങൾ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്തതാണെന്നും ഗുർജാർ പറഞ്ഞു. അതിൽ നടപടി എടുത്തില്ലെങ്കിൽ ആളുകൾ സമാനമായ കാര്യങ്ങൾ പറയുന്നത് തുടരും. രൺവീർ എല്ലാ പരിധികളും ലംഘിച്ചു. ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊണ്ട് നമ്മുടെ സമൂഹത്തെയും മതത്തെയും നശിപ്പിക്കുന്ന അദ്ദേഹത്തെപ്പോലുള്ള ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. എന്നാൽ മാത്രമേ അടുത്ത തലമുറയെ രക്ഷിക്കാൻ കഴിയൂ. സംസാര സ്വാതന്ത്ര്യം എന്നാൽ നിങ്ങൾക്ക് എന്തും പറയാം എന്നല്ലെന്നും ഗുർജാർ പറഞ്ഞു. തനിക്ക് അസഭ്യം പറയാൻ താത്പര്യമില്ല. പക്ഷേ മുംബൈയിൽ എവിടെയെങ്കിലും വെച്ച് കാണാനിടയയാൽ അവന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആർക്കും അവനെ എന്നിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്നും ഗുർജാർ പറഞ്ഞു.

അതേസമയം, അശ്ലീല പരാമര്‍ശ കേസില്‍ രണ്‍വീര്‍ അല്ലബാദിയ സുപ്രീംകോടതിയെ സമീപിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണം എന്നാണ് രണ്‍വീറിന്റെ ആവശ്യം. അസം, മഹാരാഷ്ട്ര പൊലീസാണ് രണ്‍വീര്‍ അല്ലബാദിയക്കെതിരെ കേസെടുത്തത്.

പ്രമുഖ യൂട്യൂബ് ഷോ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഡിസ്റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

Content Highlights: Ex-WWE wrestler warns Ranveer Allahbadia amid India's got Latent row

dot image
To advertise here,contact us
dot image