'മര്യാദയുള്ള വിജയിച്ച ഹാസ്യനടനാണ് നിങ്ങൾ'; സെലൻസ്കിയെ പരിഹസിച്ച് ട്രംപ്, സ്വേച്ഛാധിപതി എന്നും വിശേഷണം

ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിമർശനം

dot image

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലന്‍സ്കി സ്വേച്ഛാധിപതിയാണെന്നാണ് ട്രംപിന്റെ പ്രസതാവന. സെലന്‍സ്കി വേഗത്തില്‍ തീരുമാനം എടുത്തില്ലെങ്കിൽ രാജ്യം തന്നെ നഷ്ടമാകുമെന്നും ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.

ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന്റെ പൂർണരൂപം

യുഎസ് സാമ്പത്തിക-സൈനിക പിന്തുണ തുടരുന്നതിനാൽ യുക്രെയ്‌ൻ പ്രസിഡന്റ് അതിൽ നിന്നും നേട്ടമുണ്ടാക്കിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം അത് നീട്ടി കൊണ്ടു പോകുന്നതിനാണ് അദ്ദേഹത്തിന് താത്പര്യം. മര്യാദയുള്ള, വിജയിച്ച ഹാസ്യനടനാണ് നിങ്ങൾ. ഒരിക്കലും ജയിക്കാൻ കഴിയാത്തതും ആരംഭിക്കാത്തതുമായ ഒരു യുദ്ധത്തിന് വേണ്ടി അമേരിക്കയോട് 350 ബില്യൺ ഡോളർ ചെലവഴിക്കാനാണ് ആവശ്യപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്പിനേക്കാൾ 200 ബില്യൺ ഡോളർ കൂടുതൽ ചെലവഴിച്ചു. യൂറോപ്പിന് ചെലവഴിച്ച പണം തിരികെ ലഭിക്കും എന്നാൽ അമേരിക്കയ്ക്ക് ഒന്നും തിരികെ ലഭിക്കില്ല.

സെലൻസ്കി തിരഞ്ഞെടുപ്പ് നടത്താൻ വിസമ്മതിക്കുന്നു. ബൈഡനെ 'ഒരു ഫിഡിൽ പോലെ' ഉപയോഗിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന് കഴിവുളളത്. തിരഞ്ഞെടുപ്പുകളില്ലാത്ത ഒരു സ്വേച്ഛാധിപതി നിങ്ങൾ വേഗത്തില്‍ തീരുമാനം എടുക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ രാജ്യം തന്നെ നഷ്ടമാകും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ വിജയകരമായി നടത്തുകയാണ്. ട്രംപിനും ട്രംപിന്റെ ഭരണകൂടവുമില്ലാതെ യുദ്ധത്തിന് ഒരിക്കലും അവസാനമുണ്ടാക്കാൻ കഴിയില്ല. അതെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ബൈഡൻ ഒരിക്കലും അതിന് ശ്രമിച്ചിരുന്നില്ല. സമാധാനം കൊണ്ടുവരുന്നതിൽ യൂറോപ്പും പരാജയപ്പെട്ടു. സെലെൻസ്‌കിക്ക് വേണമെങ്കിൽ സൗദി ചർച്ചകളിൽ പങ്കെടുക്കാമായിരുന്നു. പക്ഷേ അദ്ദേഹം അത് നിഷേധിച്ചു. സെലെൻസ്കി വലിയൊരു ജോലി ചെയ്തു. അവൻ്റെ രാജ്യം തകർത്തു. ദശലക്ഷക്കണക്കിന് ആളുകൾ ആവശ്യമില്ലാതെ മരിച്ചു. അത് ഇനി തുടരുകയും ചെയ്യും……

2022 ല്‍ റഷ്യ ആരംഭിച്ച അധിനിവേശത്തിന് ഉത്തരവാദി യുക്രെയ്‌നാണെന്നും യുക്രെയ്ൻ നേതാവിന് പൊതുജനങ്ങളുടെ ഇടയിൽ നാല് ശതമാനം മാത്രമാണ് അംഗീകാരമെന്നും ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നത് അസത്യങ്ങളാണെന്നും സെലൻസ്കി തിരിച്ചടിച്ചിരുന്നു. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്ന് ക്ഷണം ലഭിക്കാത്തതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

2025 ഫെബ്രുവരി 17 നാണ് യുദ്ധം അവസാനിപ്പിക്കാനുളള റഷ്യ- യുഎസ് ചര്‍ച്ച സൗദി അറേബ്യയിൽ വെച്ച് നടന്നത്. യുഎസിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. യുക്രെയ്നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്നാണ് വ്ളാഡിമിർ സെലൻസ്കി അന്ന് പ്രതികരിച്ചത്. എന്നാൽ റഷ്യ-യുഎസ് ഉച്ചകോടി ഉയർന്ന നിലവാരം പുലർത്തിയെന്നായിരുന്നു വ്ളാഡിമിർ പുടിൻ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. സാമ്പത്തിക വിഷയങ്ങൾ, ഊർജ്ജ വിപണികൾ, ബഹിരാകാശം, മറ്റ് മേഖലകൾ എന്നിവയിൽ റഷ്യയും യുഎസും സഹകരിക്കുന്നുവെന്നും പുടിൻ പറഞ്ഞിരുന്നു.

യുക്രെയ്‌നും യൂറോപ്പും ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ,വ്‌ളാഡിമിർ പുടിന് അനുകൂലമായ ഒരു സമാധാന കരാറിനായി ട്രംപ് സമ്മർദ്ദം ചെലുത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. യുദ്ധത്തിൽ ഒരു പ്രധാന സൈനിക പങ്കാളിയായ യുഎസിന്റെ പിന്തുണയില്ലാതെ യുക്രെയ്‌ന് അതിജീവിക്കാൻ സാധ്യത കുറവാണെന്ന് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Donald Trump calls Volodymyr Zelenskyy a dictator

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us