
ടെൽ അവീവ്: സായുധസംഘമായ ഹമാസ് 2023 ഒക്ടോബറിൽ നടത്തിയ മിന്നലാക്രമണം തടയുന്നതിൽ തങ്ങൾ പൂർണമായി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തി ഇസ്രയേൽ സൈന്യം. ഹമാസിൻ്റെ ശേഷിയെ ഇസ്രയേലിയൻ സൈന്യം കുറച്ച് കണ്ടുവെന്നാണ് ആക്രമണത്തെ പറ്റിയുള്ള സൈന്യത്തിൻ്റെ ആഭ്യന്തര അന്വേണണ റിപ്പോർട്ടിൽ പറയുന്നത്.
ഹമാസിനെ തെറ്റിദ്ധരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനെക്കാൾ ഹമാസിന് താത്പര്യം ഗാസ ഭരിക്കാനാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നും ഹമാസിന് പരമാവധി എട്ട് അതിർത്തി പോയിൻ്റുകൾ മാത്രമേ ആക്രമിക്കാൻ സാധിക്കുകയുള്ളുവെന്ന് കരുതിയതായും ഇസ്രയേലിയൻ സൈന്യം സമ്മതിക്കുന്നു. യഥാർത്ഥത്തിൽ ഹമാസിന് അതിർത്തി കടന്നാക്രമിക്കാൻ അറുപതിലേറെ മാർഗങ്ങളുണ്ടായിരുന്നുവെന്നും സൈന്യം പറയുന്നു. ഒക്ടോബർ ഏഴിന് മുൻപും മൂന്ന് തവണ ആക്രമണം നടത്താൻ ഹമാസ് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇത് പിന്നീട് നിരവധി കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നുവെന്നും ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായും റിപ്പോർട്ട്.
ഹമാസ് ഫോണുകൾ ഇസ്രയേലിയൻ നെറ്റ്വർക്കിലേക്ക് മാറ്റിയത് തന്നെ ഇതിലെ പ്രധാനപ്പെട്ട നീക്കമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. "ഒക്ടോബർ 7 പൂർണ്ണ പരാജയമായിരുന്നു, ഇസ്രായേൽ സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ദൗത്യം നിറവേറ്റുന്നതിൽ ഐഡിഎഫ് (സൈന്യം) പരാജയപ്പെട്ടു" എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
Content Highlights- Misjudging Hamas' Capability, Israeli Army Admits Defeat in 2023 attack