ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

2023-ലാണ് പ്രവീൺ യുഎസ്സിൽ എത്തുന്നത്

dot image

ചിക്കാഗോ:ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന സ്വദേശി പ്രവീൺ കുമാർ ഗാമ്പ (27) ആണ് കൊല്ലപ്പെട്ടത്. വിസ്കോൺസിനിൽ നടന്ന ഒരു കവർച്ചാ ശ്രമത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പ്രവീണിന്റെ സുഹൃത്തുക്കളും അധികൃതരും ചേർന്നാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. പ്രവീൺ ഗാമ്പയുടെ വസതിക്ക് സമീപം അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.

പ്രവീൺ ബുധനാഴ്ച രാവിലെ വാട്സ്ആപ്പ് കോൾ വിളിച്ചിരുന്നുവെന്നും പക്ഷേ അത് എടുക്കാനായില്ലെന്നും പിതാവ് രാഘവുലു പറഞ്ഞു. പിതാവ് തിരിച്ച് വിളിച്ച സമയത്ത് അപരിചിതനായ ഒരാളാണ് ഫോൺ എടുത്ത് സംസാരിച്ചതെന്നും യുവാവിന്റെ പിതാവ് പറഞ്ഞു. പ്രവീണിൻ്റെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി ചില ബന്ധുക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യഥാർഥ മരണകാരണം എന്താണെന്ന് വ്യക്തമല്ല.

പ്രവീണിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്. വിസ്കോൺസിൻ-മിൽവാക്കി സർവകലാശാലയിൽ ഡാറ്റാ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2023-ലാണ് പ്രവീൺ യുഎസ്സിൽ എത്തുന്നത്. പ്രാദേശിക സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.

Content Highlights: Telangana student shot dead in US

dot image
To advertise here,contact us
dot image