അവധിയാഘോഷിക്കാന്‍ ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെത്തി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് 5 ദിവസം

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി മരിച്ചു എന്ന നിഗമനത്തിലാണ് പൊലീസ്

dot image

പെന്‍സില്‍വാനിയ: അവധിയാഘോഷിക്കാന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കനിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രീ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സുദീക്ഷ(20)യെയാണ് കാണാതായത്. ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിന് പിന്നാലെ സുദീക്ഷയെ കാണാതാകുകയായിരുന്നു. ഇക്കഴിഞ്ഞ ആറാം തീയതിയായിരുന്നു സംഭവം. സുദീക്ഷയ്ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി മരിച്ചു എന്ന നിഗമനത്തിലാണ് പൊലീസ്.

വസന്തകാല ആഘോഷങ്ങള്‍ക്ക് പേരുകേട്ട കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ റിസോര്‍ട്ട് ടൗണായ പുണ്ട കാനയിലെ ബീച്ചില്‍ നിന്നാണ് സുദീക്ഷയെ കാണാതാകുന്നത്. പുലര്‍ച്ചെ സുദീക്ഷ ബീച്ചിലൂടെ നടക്കുന്നത് അയോവയില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി കണ്ടിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ച് ബോധംകെട്ട് കിടക്കുകയായിരുന്നുവെന്നും ഉണര്‍ന്നപ്പോള്‍ സുദീക്ഷയെ കണ്ടില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയിലായിരുന്ന സുദീക്ഷയും സുഹൃത്തുക്കളും പുലര്‍ച്ചെ നാല് മണിയോടെ ബീച്ചിലേക്ക് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ 5.50 ഓടെ സുഹൃത്തുക്കള്‍ ഹോട്ടലിലേക്ക് മടങ്ങുകയും സുദീക്ഷ ബീച്ചില്‍ തുടരുകയുമായിരുന്നു. ഇതിനിടെ എപ്പോഴെങ്കിലും സുദീക്ഷ തിരയില്‍പ്പെട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടി ഇതിനോടകം മരിച്ചിട്ടുണ്ടാകാം എന്നും പൊലീസ് കരുതുന്നു. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സുദീക്ഷയുടെ കുടുംബത്തിന്റെ ആവശ്യം. സുദീക്ഷയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് കുടുംബം കരുതുന്നത്. അന്വേഷണം ഊര്‍ജിതമാക്കണമെന്നും സുദീക്ഷയെ എത്രയും വേഗം കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനായി ഡ്രോണുകളും ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

Content Highlights- indian native student missing in dominican republic

dot image
To advertise here,contact us
dot image