തെലങ്കാനയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

dot image

സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒസ്മാനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹബ്‌സിഗുഡയിലെ രവീന്ദ്ര നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

ചന്ദ്രശേഖര്‍ റെഡ്ഡി (44), ഭാര്യ കവിത (35) മക്കളായ ശ്രിത റെഡ്ഡി (15), വിശ്വന്‍ റെഡ്ഡി (10) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം വ്യത്യസ്ത മുറികളിലായി തൂങ്ങി മരിക്കുകയായിരുന്നു. ശ്രിത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും വിശ്വന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്നു. ചന്ദ്രശേഖര്‍ റെഡ്ഡിയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ചന്ദ്രശേഖര്‍ റെഡ്ഡി തെലുങ്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

ചന്ദ്രശേഖര്‍ റെഡ്ഡി നേരത്തെ ഒരു സ്വകാര്യ കോളേജില്‍ ജൂനിയര്‍ ലെക്ചററായി ജോലി ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി തൊഴില്‍രഹിതനായിരുന്നു. ഇത് കുടുംബത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Four member family found dead in Telangana

dot image
To advertise here,contact us
dot image