ട്രംപിൻ്റെ അടുത്ത നീക്കം ക്യാംപസിലേക്ക്; പലസ്തീൻ പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച വിദ്യാർത്ഥി അറസ്റ്റിൽ

ഹമാസ് അനുകൂലികളുടെ വിസയും ഗ്രീൻ കാർഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിന്റെ അറസ്റ്റിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു

dot image

ന്യൂയോർക്ക് : യുഎസിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മുഹ്മുദ് ഖലീലിനെയാണ് യുഎസ് ഇമിഗ്രേഷൻ ഏജന്റുമാർ അറസ്റ്റ് ചെയ്തത്.

Also Read:

യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിലെ വിദ്യാർത്ഥിയായ മുഹ്മൂദ് ഖലീലിനെ ശനിയാഴ്ച വൈകുന്നേരം യൂണിവേഴ്‌സിറ്റിയിലെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സ്റ്റുഡന്റ് വർക്കേഴ്‌സ് ഓഫ് കൊളംബിയ ലേബർ യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷൻ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും. വിദ്യാർഥി പ്രക്ഷോഭത്തെ നേരിടുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ സഹായം ട്രംപ് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹമാസ് അനുകൂലികളുടെ വിസയും ഗ്രീൻ കാർഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിന്റെ അറസ്റ്റിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹമാസിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതിനാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജൻസിയും വ്യക്തമാക്കി.

അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സർക്കാർ തന്നെ ലക്ഷ്യം വയ്ക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഖലീൽ പറഞ്ഞിരുന്നു. യുഎസിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ഖലീലിന്റെ ഭാര്യയ്ക്ക് യുഎസ് പൗരത്വമുണ്ട്. ഭാര്യ 8 മാസം ഗർഭിണിയാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ പൗരാവകാശ സംഘടനകൾ അപലപിച്ചു. ഖലീലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു. അറസ്റ്റ് വാറന്റുമായി വരുന്ന പൊലീസിനോട് എങ്ങനെ പെരുമാറണമെന്ന് നിർദേശിച്ച് ഏതാനും ദിവസം മുൻപ് സർവകലാശാല നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിനു മുന്നിൽ സർവകലാശാലകൾ കീഴടങ്ങുകയാണെന്ന് സ്റ്റുഡന്റ് വർക്കേഴ്സ് ഓഫ് കൊളംബിയ പറഞ്ഞു.

Content Highlight : us-immigration-agents-arrest-palestinian-student-protester-at-columbia-university-in-trump-crackdown

dot image
To advertise here,contact us
dot image