അമേരിക്കയിൽ നിന്നും എഫ്-35 കോംബാറ്റ് വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം കാനഡ പുനഃപരിശോധിക്കുന്നതായി റിപ്പോർട്ട്

അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം പോർച്ചുഗൽ പുനഃപരിശോധിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു

dot image

ഒട്ടാവ: അമേരിക്കയിൽ നിന്നും എഫ്-35 കോംബാറ്റ് വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം കാനഡ പുനഃപരിശോധിക്കുന്നതായി റിപ്പോർട്ട്. കനേഡ‍ിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം അമേരിക്ക-കാനഡ ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

'കരാർ റദ്ദാക്കിയിട്ടില്ല, പക്ഷേ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നമ്മൾ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. കൂടാതെ നിലവിലെ രൂപത്തിലുള്ള കരാർ കനേഡിയൻ പൗരന്മാരുടെയും കനേഡിയൻ സായുധ സേനയുടെയും താൽപ്പര്യങ്ങൾക്കനുസൃതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന' പ്രസ്താവന ഉദ്ധരിച്ചാണ് റിപ്പോർട്ട്.

അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം പോർച്ചുഗൽ പുനഃപരിശോധിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളാക്കിയത്. കാനഡ‍യെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിൻ്റെ വാ​ഗ്ദാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.

എഫ്-35 കരാർ കാനഡയെ സംബന്ധിച്ച് ഏറ്റവും മികച്ച നിക്ഷേപമാണോയെന്നും കാനഡയുടെ ആവശ്യങ്ങൾ നന്നായി നിറവേറ്റാൻ കഴിയുന്ന മറ്റ് സാധ്യതകൾ ഉണ്ടോയെന്നും നിർണ്ണയിക്കാൻ" പ്രധാനമന്ത്രി മാർക്ക് കാർണി ആവശ്യപ്പെട്ടതായാണ് പ്രതിരോധ മന്ത്രാലയ വക്താവ് ലോറന്റ് ഡി കാസനോവിന്റെ ഇമെയിൽ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച അധികാരമേറ്റതിനു പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി കൈകൊണ്ട ആദ്യ ഔദ്യോ​ഗിക നടപടിയാണെന്നാണ് റിപ്പോർട്ട്.

2023 ജനുവരിയിലാണ് കനേഡിയൻ സർക്കാർ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുമായി F-35 വിമാനങ്ങൾ വാങ്ങുന്നതിനായി ഒരു കരാറിൽ ഒപ്പുവെച്ചത്. 88 വിമാനങ്ങൾക്കായി 19 ബില്യൺ കനേഡിയൻ ഡോളറിൻ്റെ കരാറിലായിരുന്നു ഒപ്പ് വെച്ചത്. അടുത്ത വർഷം ആദ്യം കൈമാറാനിരിക്കുന്ന 16 വിമാനങ്ങളുടെ ആദ്യ ഷിപ്പ്‌മെന്റിനുള്ള പണം കാനഡ ഇതിനകം കൈമാറിയിട്ടുണ്ട്.

Content Highlights: Canada is reviewing a major purchase of US-made F-35 combat planes from America

dot image
To advertise here,contact us
dot image