
ഗാസ: ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണസംഖ്യ മുന്നൂറ് കവിഞ്ഞതായി റിപ്പോർട്ട്. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമായിരുന്നു ഇത്.
മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. സാധാരണക്കാർക്ക് നേരെ ഇസ്രയേൽ 'വഞ്ചനാപരമായ" ആക്രമണം നടത്തിയതായാണ് ഹമാസ് ആരോപിക്കുന്നത്. ജനുവരി 19 മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ഇസ്രയേൽ "മനഃപൂർവ്വം അട്ടിമറിച്ചു' എന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് ആരോപിച്ചു.
വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. ഇതുവരെയുള്ള ആക്രമണത്തിൽ 48,577 പലസ്തീനികൾ മരിച്ചതായും 112,041 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പലസ്തീനികൾ മരിച്ചതായും കണക്കാക്കുന്നു.
Content Highlights: Israel strikes Gaza killing over 300 including many children