
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ല്‍ ജോയിൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എഐ ഗവേഷകനും അമേരിക്കൻ പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാനിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖം പങ്കുവെച്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചാണ് നരേന്ദ്ര മോദിയുടെ ട്രൂത്ത് സോഷ്യലിലെ ആദ്യത്തെ പോസ്റ്റ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖം മുഴുവനായി അപ്ലോഡ് ചെയ്തതിന് നന്ദി അറിയിച്ചാണ് മോദിയുടെ ആദ്യ പോസ്റ്റ്.
'എന്റെ സുഹൃത്തിന് നന്ദി, പ്രസിഡന്റ് ട്രംപ്. എന്റെ ജീവിത യാത്ര, ഇന്ത്യയുടെ നാഗരിക വീക്ഷണം, ആഗോള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി വ്യത്യസ്ത വിഷയങ്ങള്‍ സംസാരിച്ചു', നരേന്ദ്രമോദി ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഫേസ്ബുക്ക്, എക്‌സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ചശേഷം 2022 ലാണ് ട്രംപ് സോഷ്യല്‍ ട്രൂത്ത് എന്ന പേരില്‍ സ്വന്തം ഉടമസ്ഥതയില്‍ സോഷ്യല്‍മീഡിയ അവതരിപ്പിച്ചത്. നയം മാറ്റമുള്‍പ്പെടെ ഡോണാള്‍ഡ് ട്രംപ് പ്രധാന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ട്രൂത്ത് വഴിയാണ് പ്രഖ്യാപിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും മോദി കഴിഞ്ഞദിവസം പോഡ്കാസ്റ്റില്‍ സംസാരിച്ചിരുന്നു. 'രാഷ്ട്രം ആദ്യം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ശക്തമാകുന്നത്. ട്രംപിന് അമേരിക്ക ആദ്യം എന്ന മനോഭാവം ഉളളത് പോലെ എനിക്ക് ഇന്ത്യ ആദ്യം എന്ന സമീപനമാണ് ഉളളത്. പ്രചാരണത്തിനിടെ വെടിയേറ്റപ്പോള്‍ ഞാന്‍ കണ്ടത് ദൃഢനിശ്ചയമുള്ള ട്രംപിനെയാണ്. അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിനു വേണ്ടിയായിരുന്നു' എന്നുള്‍പ്പെടെയായിരുന്നു മോദിയുടെ പുകഴ്ത്തല്‍.
Content Highlights: PM Modi joins Truth Social, thanks 'friend' Trump