ആദ്യം രാഷ്ട്രമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, അതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ശക്തമാകുന്നത്: ട്രംപിനെ പുകഴ്ത്തി മോദി

'അദ്ദേഹത്തിന്റെ ജീവിതം അമേരിക്കയ്ക്ക് വേണ്ടിയായിരുന്നു'

dot image

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഗവേഷകനും യുഎസ് പോഡ്‌കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ട്രംപിൻ്റേത് അചഞ്ചലമായ സമർപ്പണമാണ്. അടുത്തിടെ നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വെടിയേറ്റപ്പോഴും ആ പ്രതിരോധശേഷിയും നിശ്ചയദാർഢ്യവും കാണാൻ സാധിച്ചു. അദ്ദേഹത്തിന്റെ ജീവിതം അമേരിക്കയ്ക്ക് വേണ്ടിയായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

'2019-ൽ അമേരിക്കയിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ വെച്ച് സ്റ്റേഡിയം സന്ദർശിക്കാനുള്ള തന്റെ അഭ്യർത്ഥന ട്രംപ് അംഗീകരിച്ചു. കായിക മത്സരങ്ങൾക്കു തിരക്കേറിയ സ്റ്റേഡിയങ്ങൾ സാധാരണമാണെങ്കിലും, രാഷ്ട്രീയ റാലിക്ക് ഇത്രയും തിരക്ക് അസാധാരണമായിരുന്നു. ഇന്ത്യൻ പ്രവാസികൾ ധാരാളം പേർ ഒത്തുകൂടിയിരുന്നു. പരിപാടിയിൽ ഞങ്ങൾ രണ്ടുപേരും പ്രസംഗിച്ചു. അദ്ദേഹം താഴെ ഇരുന്ന് എന്റെ പ്രസംഗം ശ്രദ്ധിച്ചു. അതാണ് അദ്ദേഹത്തിന്റെ വിനയം. ഞാൻ സംസാരിക്കുമ്പോൾ യുഎസ് പ്രസിഡൻ്റ് സദസ്സിലാണ് ഇരുന്നത്. സ്റ്റേഡിയം സന്ദർശിക്കണമെന്ന് പറഞ്ഞപ്പോഴും എന്നെയും എന്റെ നേതൃത്വത്തെയും വിശ്വസിച്ച് എന്നോടൊപ്പം ആൾക്കൂട്ടത്തിലേക്ക് നടന്നു കയറി. ഞങ്ങൾക്കിടയിലുള്ളത് ശക്തമായ ഒരു ബന്ധ'മാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

'രാഷ്ട്രം ആദ്യം എന്നതിൽ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ശക്തമാകുന്നത്. ട്രംപിന് അമേരിക്ക ആദ്യം എന്ന മനോഭാവം ഉളളത് പോലെ എനിക്ക് ഇന്ത്യ ആദ്യം എന്ന സമീപനമാണ് ഉളളത്. പ്രചാരണത്തിനിടെ വെടിയേറ്റപ്പോൾ ഞാൻ കണ്ടത് ദൃഢനിശ്ചയമുള്ള ട്രംപിനെയാണ്. അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിനു വേണ്ടിയായിരുന്നു'വെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

'ഞാൻ ആദ്യമായി വൈറ്റ് ഹൗസ് സന്ദർശിക്കുന്ന സമയത്ത് ട്രംപിനെ കുറിച്ച് വ്യത്യസ്തമായ ധാരണയായിരുന്നു ലോകത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെ കാണുന്നതിന് മുമ്പ് എനിക്കും വ്യത്യസ്ത ധാരണകൾ ഉണ്ടായിരുന്നു. എന്നാൽ വൈറ്റ് ഹൗസിൽ കാലുകുത്തിയ നിമിഷം തന്നെ ഞാൻ അത്ഭുതപ്പെട്ടുപോയി. ഔപചാരിക പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ചു കൊണ്ടാണ് വൈറ്റ് ഹൗസ് എന്ന് നടന്നു കാണിച്ചു തന്നത്. എനിക്കൊപ്പം ചുറ്റിനടക്കുമ്പോൾ സഹായിക്കാൻ ആരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം പറഞ്ഞുതന്നതു ട്രംപ് നേരിട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: Prime Minister Narendra Modi praise Donald Trump

dot image
To advertise here,contact us
dot image