ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 400 കവിഞ്ഞു; യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് നെതന്യാഹു

ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്

dot image

​റഫ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രയേൽ ​ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ​ഗാസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

എന്നാൽ ഹമാസിൻ്റെ ഭീകര കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ​ഗാസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെടിനിർത്തൽ കരാർ തുടരുന്നതിനായി കഴിഞ്ഞ ദിവസം ഇസ്രയേലും ​ഹമാസും അമേരിക്കയും ചർച്ചകൾ നടത്തിയെങ്കിലും ധാരണയായിരുന്നില്ല. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിൽ ​ഗാസയിലെ യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ആക്രമണം കേവലമൊരു തുടക്കം മാത്രമാണെന്നും പ്രസ്താവനയിൽ ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വെടിനിർത്തൽ ചർച്ചകളിൽ ഇസ്രയേൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തള്ളിയ ഹമാസിനെയും ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. എന്നാൽ ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്കയും രം​ഗത്തെത്തി. സമീപ ആഴ്ചകളിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും സമയപരിധിയും ഹമാസ് തള്ളിക്കളഞ്ഞിരുന്നതായും അമേരിക്ക കുറ്റപ്പെടുത്തി. എന്നാൽ നിലവിലെ സംഭവവികാസങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പ്രതിരോധമില്ലാത്ത സാധാരണക്കാരെ ഇസ്രയേൽ ആക്രമിക്കുന്നുവെന്ന് ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന കൂട്ടക്കൊലയിൽ അമേരിക്കയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹമാസ് വിമർശിച്ചു.

Content Highlights: Israel attack on Gaza highlights Israel strikes on Gaza spark global condemnation

dot image
To advertise here,contact us
dot image