ഗാസയിലെ ആക്രമണം; നെതന്യാഹുവിനെതിരെ ഇസ്രയേലികൾ തെരുവിൽ, ബന്ദികളെ മടക്കി കൊണ്ടുവരണമെന്നും ആവശ്യം

ദേശീയ സുരക്ഷയെക്കാൾ രാഷ്ട്രീയ നിലനിൽപ്പിന് നെതന്യാഹു മുൻഗണന നൽകുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു

dot image

ടെൽഅവീവ്: ഗാസയിലെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ഇസ്രയേലിൽ വ്യാപക പ്രതിഷേധം. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെയാണ് നൂറുകണക്കിന് ഇസ്രയേലികൾ തെരുവിലിറങ്ങിയത്. തീയിട്ടും ഡ്രം മുഴക്കിയുമാണ് പ്രതിഷേധക്കാർ തെരുവിൽ പ്രതിഷേധിച്ചത്. ബന്ദികളെ മടക്കി കൊണ്ടുവരാൻ നടപടി എടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനെ പുറത്താക്കാൻ ശ്രമിക്കുമെന്ന നെതന്യാഹുവിൻ്റെ പ്രഖ്യാപനവും പ്രതിഷേധത്തിന് കാരണമായതായാണ് റിപ്പോർട്ട്. ഷിൻ ബെറ്റ് മേധാവി റോണൻ ബാറിനെ പുറത്താക്കാൻ പദ്ധതിയിട്ടതിൻ്റെ പേരിൽ നെതന്യാഹുവിനെതിരെ പ്രകടനക്കാർ ശക്തമായ പ്രതിഷേധമാണ് ഉയ‍ർ‌ത്തിയത്. ദേശീയ സുരക്ഷയെക്കാൾ രാഷ്ട്രീയ നിലനിൽപ്പിന് നെതന്യാഹു മുൻഗണന നൽകുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

​ഗാസയിലെ ആക്രമണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ബാഹ്യ ഭീഷണി സൃഷ്ടിക്കുകയും ശബ്ദമുയർത്തുന്നവരെ ജനാധിപത്യ വിരുദ്ധരാണെന്ന് ആരോപിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ രീതിയെന്ന് ഇസ്രായേൽ നാവികസേനയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥനും പ്രതിഷേധങ്ങളുടെ സംഘാടകനുമായ ഓറ പെലെഡ് നകാഷിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെടിനിർത്തൽ കരാർ തുടരുന്നതിനായി കഴിഞ്ഞ ദിവസം ഇസ്രയേലും ​ഹമാസും അമേരിക്കയും ചർച്ചകൾ നടത്തിയെങ്കിലും ധാരണയായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ​ഗാസയിൽ ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചത്. ഗാസയിലെ യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് ചൊവ്വാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിൽ ​ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആക്രമണം കേവലമൊരു തുടക്കം മാത്രമാണെന്നും പ്രസ്താവനയിൽ ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെ ഇസ്രയേൽ ​ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ​ഗാസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു പലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുണ്ട്.

Content Highlights: Israeli protesters say airstrikes are ‘cover’ for Benjamin Netanyahu to keep power

dot image
To advertise here,contact us
dot image