
റാഫ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ 20 മണിക്കൂറിനിടെ 70 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിൽ ധാരണയാകാത്തതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചത്. ആക്രമണത്തെ തുടർന്ന് ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 436 ആയി. കൊല്ലപ്പെട്ടവരിൽ 183 പേർ കുട്ടികളാണ്. വ്യോമാക്രമണം കടുപ്പിച്ചതോടെ ഐഡിഎഫ് ലക്ഷ്യം വെയ്ക്കുന്ന മേഖലകളിൽനിന്ന് പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ഉത്തരവിട്ടു. ഖാൻ യൂനിസ്, ബെയ്ത് ഹാനൂൺ പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച ലഘുലേഖകൾ ഇസ്രേയൽ സേന വിതരണം ചെയ്തിട്ടുണ്ട്.
ഇതിനിടെ വ്യോമാക്രമണത്തിന് പിന്നാലെ ഗാസയിൽ കരവഴിയുള്ള ആക്രമണത്തിനും ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഗാസയെ രണ്ടായി വിഭജിക്കുന്ന നെത്സാരിം ഇടനാഴി ഇസ്രായേൽ സൈന്യം തിരിച്ചുപിടിച്ചു. പലസ്തീനികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായാണ് ഇസ്രയേൽ നീക്കം. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്രയേൽ നേരത്തെ ഇവിടെ നിന്ന് പിൻവാങ്ങിയിരുന്നു.
ഗാസ മുനമ്പിൽ ഇസ്രായേൽ വീണ്ടും ആക്രമണം പുനരാരംഭിച്ചെങ്കിലും ചർച്ചകൾക്കുള്ള വാതിൽ അടച്ചിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഒപ്പുവെച്ച കരാർ നിലനിൽക്കുമ്പോൾ പുതിയ കരാറുകളുടെ ആവശ്യമില്ലെന്നും ഹമാസ് ഉദ്യോഗസ്ഥനായ താഹെർ അൽ-നോനോയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ കരാർ തുടരുന്നതിനായി കഴിഞ്ഞ ദിവസം ഇസ്രയേലും ഹമാസും അമേരിക്കയും ചർച്ചകൾ നടത്തിയെങ്കിലും ധാരണയായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചത്. ഗാസയിലെ യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് ചൊവ്വാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആക്രമണം കേവലമൊരു തുടക്കം മാത്രമാണെന്നും പ്രസ്താവനയിൽ ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെ ഇസ്രയേൽ ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗാസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Content Highlights: Israeli troops have retaken the Netzarim Corridor that split Gaza in half