'ഹൂതികൾക്ക് നൽകുന്ന സഹായം ഉടൻ അവസാനിപ്പിക്കണം'; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

ഹൂതികൾക്കെതിരായ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്

dot image

വാഷിങ്ടൺ: ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യെമനിലെ ഹൂതികൾക്കെതിരായ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഔദ്യോ​ഗിക ട്രൂത്ത് പേജിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

'റിപ്പോർട്ടുകൾ അനുസരിച്ച് ഇറാൻ ഹൂതികൾക്ക് നൽകുന്ന പിന്തുണയിലും സൈനിക ഉപകരണങ്ങളുടെ വിതരണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും അവർ ഇപ്പോഴും വലിയ തോതിലുള്ള സപ്ലൈകൾ ഹൂതികൾക്ക് നൽകി വരികയാണ്. ഇറാൻ ഈ വിതരണം നിർത്തി വെയ്ക്കണം. ഹൂതികൾ തോൽക്കും എന്നതിൽ സംശയമില്ല, അവർ സ്വയം പോരാടട്ടെ. ഹൂതി ബാർബേറിയൻമാർക്ക് വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് ന്യായമായ പോരാട്ടമല്ല. അവർ നശിപ്പിക്കപ്പെടു'മെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റിൽ കുറിച്ചു.

അതേസമയം, യെമൻ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും അമേരിക്ക വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെമൻ തലസ്ഥാനമായ സന, സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ, മറ്റ് പ്രവിശ്യകളിലുമെല്ലാം അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

മാർച്ച് 15നാണ് ഹൂതി ഭീകരർക്കെതിരെ നിർണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കുമെതിരെയാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഹൂതികളോട് നിങ്ങളുടെ സമയം അവസാനിച്ചിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഹൂതികൾ അമേരിക്കക്കാർക്കും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും വിമാനങ്ങൾക്കും ഡ്രോണുകൾക്കുമെതിരെ നിഷ്ഠൂരമായ ആക്രമണം നടത്തുകയാണെന്നുമാണ് ‌ട്രംപിന്റെ വാദം.

Content Highlights: Donald Trump warns Iran to stop supplying Houthis

dot image
To advertise here,contact us
dot image