
വാഷിങ്ടൺ: സ്പോൺസർഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണമാണ് റദ്ദാക്കിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രത്യേക സ്പോണസർഷിപ്പ് പരിപാടിയിലൂടെ രാജ്യത്ത് എത്തിച്ചവരെയാണ് ട്രംപ് തിരികെ അയക്കുന്നത്. ഏപ്രിൽ 24 ന് മുൻപ് രാജ്യം വിടണമെന്നാണ് തീരുമാനം. 5,30,000 കുടിയേറ്റക്കാരുടെ താൽക്കാലിക നിയമപരമായ സംരക്ഷണം റദ്ദാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2022 ഒക്ടോബർ മുതൽ സ്പോൺസർഷിപ്പോടെ അമേരിക്കയിലെത്തിയ ആളുകൾക്ക് യുഎസിൽ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വർഷത്തെ വർക്ക് പെർമിറ്റിന് അനുമതി നൽകിയിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. യുഎസിൽ കഴിയുന്നവരെയും പദ്ധതിക്ക് കീഴിൽ വരുന്നവരെയും പുതിയ നയം ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎസിൽ പ്രവേശിക്കാനും താൽക്കാലികമായി താമസിക്കാനും പ്രസിഡന്റുമാർ അനുമതി നൽകിയിരുന്നു. ഇത് അവസാനിപ്പിക്കുന്നതിനുളള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയുമായുള്ള സംഘർഷത്തിനിടെ യുഎസിലേക്ക് പലായനം ചെയ്ത ഏകദേശം 2,40,000 യുക്രയ്നികളെ പുതിയ നയ പ്രകാരം തിരിച്ചയക്കണോ വേണ്ടയോ എന്ന് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് ട്രംപ് പറഞ്ഞു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങൾ വഷളായതും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ്-മെക്സിക്കോ അതിർത്തിയിലെ നിയമവിരുദ്ധ കുടിയേറ്റം തടയാൻ ബൈഡൻ ശ്രമിച്ചതോടെയാണ് പുതിയ നിയമവഴികൾ വന്നത്.
Donald Trump is revoking legal status for 530,000 Cubans, Haitians, Nicaraguans, and Venezuelans.
— Jesus is King (@ProseccoLiquido) March 22, 2025
Mood pic.twitter.com/01kvJWu8V4
പുതിയ നയം പ്രഖ്യാപിച്ചതിന് ശേഷവും യുഎസിൽ തുടരാനാണ് കുടിയേറ്റക്കാരുടെ തീരുമാനം എങ്കിൽ പലരെയും നാടുകടത്തലിന് ഇരയാക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരവ് ഇതിനകം ഫെഡറൽ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നിയമപരമായ സംരക്ഷണം റദ്ദാക്കിയതോടെ അമേരിക്കൻ പൗരന്മാരും കുടിയേറ്റക്കാരും കേസ് ഫയൽ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ തീരുമാനത്തെ അപലപിക്കുന്നതായി അഭിഭാഷകരും ആക്ടിവിസ്റ്റുകളും അറിയിച്ചു.
Content Highlights: Donald Trump canceled the legal protection of those who immigrated to the United States with sponsorship