വധശ്രമത്തിന് പിന്നാലെ ട്രംപിനായി പ്രാർത്ഥിക്കാൻ പുടിൻ പള്ളിയിൽ പോയിരുന്നു; വെളിപ്പെടുത്തി വിറ്റ്‌കോഫ്

അമേരിക്ക-റഷ്യ തമ്മിൽ പുതുക്കിയ നയതന്ത്ര ഇടപെടലിനുള്ള സാധ്യതയെക്കുറിച്ചും സ്റ്റീവ് വിറ്റ്‌കോഫ് അഭിപ്രായം പങ്കുവെച്ചു

dot image

വാഷിങ്ടൺ: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രാർത്ഥിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പള്ളിയിൽ പോയിരുന്നതായി വെളിപ്പെടുത്തൽ. ടക്കർ കാൾസണിൻ്റെ ഒരു പോഡ്‌കാസ്റ്റിൽ വെച്ച് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ലോകത്തെ രണ്ട് നേതാക്കൾ തമ്മിൽ വളർന്നുവരുന്ന ബന്ധത്തെക്കുറിച്ചും അമേരിക്ക-റഷ്യ തമ്മിൽ പുതുക്കിയ നയതന്ത്ര ഇടപെടലിനുള്ള സാധ്യതയെക്കുറിച്ചും സ്റ്റീവ് വിറ്റ്‌കോഫ് സംസാരിച്ചു.

'ട്രംപിനെതിരായ ആക്രമണ വിവരം അറിഞ്ഞതിന് ശേഷം പുടിൻ തൻ്റെ പള്ളിയിൽ പോകുകയും പുരോഹിതനെ കാണുകയും പ്രസിഡന്റിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. പുടിൻ പ്രാർത്ഥന നടത്തിയത് ആശങ്ക പ്രകടനം മാത്രമായിരുന്നില്ല. രണ്ട് നേതാക്കന്മാരും തമ്മിലുള്ള സൗഹൃദത്തെ എടുത്തു കാണിക്കുന്ന പ്രവർത്തി കൂടിയാണ് അന്ന് പുടിൻ ചെയ്തതെന്ന്' വിറ്റ്‌കോഫ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ആകാൻ പോകുന്ന വ്യക്തി എന്ന ചിന്തക്കപ്പുറം അവർ തമ്മിലുണ്ടായ സൗഹ‍‍ൃദമാണ് പുടിനെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും വിറ്റ്‌കോഫ് കൂട്ടിച്ചേർത്തു.

'പുടിനുമായുളള ഒരു സന്ദർശന വേളയിൽ, പ്രമുഖ റഷ്യൻ കലാകാരനിൽ നിന്ന് ട്രംപിന്റെ ഒരു ഛായാചിത്രം തയ്യാറാക്കുകയും അത് പ്രസിഡന്റിന് നേരിട്ട് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതാ'യും വിറ്റ്കോഫ് വെളിപ്പെടുത്തി. 'അതൊരു മനോഹരമായ നിമിഷമായിരുന്നു. റഷ്യൻ നേതാവിനോടുളള ആരാധന പലതവണ ട്രംപും പ്രകടിപ്പിച്ചിട്ടുണ്ട്. ശക്തനായ നേതാവെന്നാണ് ട്രംപ് പുടിനെ വിശേഷിപ്പിക്കാറുളളത്. പുടിനെ ഒരു മോശം വ്യക്തിയായി ഞാനും കണക്കാക്കുന്നില്ല. യുദ്ധമുണ്ടാകുന്നതിന് പിന്നിൽ ഒരിക്കലും ഒരു വ്യക്തി മാത്രമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതൊരു സങ്കീർണ്ണമായ സാഹചര്യമാണെന്നും' വിറ്റ്‌കോഫ് പറഞ്ഞു.

വ്‌ളാഡിമിർ പുടിനായി ഒരു സന്ദേശം അയക്കുന്നതിനായി പ്രസിഡന്റ് ട്രംപ് തന്നെ ചുമതലപ്പെടുത്തിയിരുന്നു. സംഘർഷം എങ്ങനെ അവസാനിപ്പിക്കാം എന്നതായിരുന്നു സന്ദേശത്തിന്റെ ഉളളടക്കം. പുടിൻ അന്ന് പോസിറ്റീവായാണ് പ്രതികരിച്ചത്. സംഘർഷം അവസാനിപ്പിക്കുന്നതിനുളള ചർച്ചകൾക്ക് താൻ തയ്യാറാണെന്നാണ് അന്ന് പുടിൻ അറിയിച്ചതെന്നും വിറ്റ്കോഫ് പറഞ്ഞു.

Content Highlights: Putin Went To Church To Pray For Trump After Assassination Attempt

dot image
To advertise here,contact us
dot image