തൊടുപുഴ കൊലപാതകം; ക്വട്ടേഷൻ ഏറ്റെടുത്ത മുഹമ്മദ് അസ്‌ലം ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണി

ബിജു വീട്ടിൽ വരുന്നതും പോകുന്നതുമുൾപ്പെടെ ക്വട്ടേഷൻ സംഘം നിരീക്ഷിച്ചു

dot image

തൊടുപുഴ: തൊടുപുഴയിലെ ബിജു ജോസഫിൻ്റെ കൊലപാതകത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത മുഹമ്മദ് അസ്ലം ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണി. 14 കിലോ കഞ്ചാവുമായി മുമ്പ് മുഹമ്മദ് അസ്ലമിനെ വരാപ്പുഴ പൊലീസ് പിടികൂടിയിരുന്നു. ഒരാഴ്ചയായി ക്വട്ടേഷൻ സംഘം ഇടുക്കിയിൽ തമ്പടിച്ചിരുന്നു. ബിജു വീട്ടിൽ വരുന്നതും പോകുന്നതുമുൾപ്പെടെ ക്വട്ടേഷൻ സംഘം നിരീക്ഷിച്ചു. വ്യക്തമായ ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി. അഞ്ച് ലക്ഷം രൂപയ്ക്കാണ് ജോമോൻ ക്വട്ടേഷൻ നൽകിയത്. ഇതിൽ 12000 രൂപ അഡ്വാൻസായി ഗൂഗിൾ പേ വഴി നൽകി. കാപ്പ കേസിൽ ആഷിക്കിനെ പിടികൂടിയതും ഇടുക്കി പൊലീസ് തന്നെയാണ്.

ബിജു ജോസഫിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പുരോ​ഗമിക്കവെ പൊലീസ് പിടികൂടിയ കാപ്പ കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് കലയന്താനിയിലെ ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തിയതും അത് ബിജുവിൻ്റേതാണെന്ന് സ്ഥിരീകരിച്ചതും.

കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ ക്വട്ടേഷൻ നൽകുന്നത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവർ ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ മർദ്ദനത്തിൽ ബിജു കൊല്ലപ്പെട്ടു.

തുടർന്ന് ജോമോന്റെ ഉടമസ്ഥതയിലുള്ള കലയംതാനിയിലെ ഗോഡൗണിലെത്തിച്ച് മാൻ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. ഷെയർ സംബന്ധിച്ച് തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

Content Highlights: thodupuzha biju joseph death case updates

dot image
To advertise here,contact us
dot image