
ജറുസലേം: ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. 'നോ അദർ ലാൻഡ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ് 'നോ അദർ ലാൻഡ്. നാല് സംവിധായകർ ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. അതിലൊരാളാണ് ഹംദാൻ ബല്ലാൽ. മറ്റൊരു സംവിധായ യുവാൽ എബ്രഹാമാണ് ഇസ്രയേൽ സൈന്യം ഹംദാനെ ആക്രമിച്ചെന്നും അറസ്റ്റ് ചെയ്തുവെന്നും ആരോപിച്ച് രംഗത്തെത്തിയത്.
ഹെബ്രോണിന് തെക്ക് മസാഫർ യാട്ട പ്രദേശത്തെ സുസ്യയിൽ വെച്ച് സായുധ കുടിയേറ്റക്കാരുടെ ഒരു സംഘം ഹംദാനെ പിടികൂടികയായിരുന്നു. ഏകദേശം 15 പേരോളം സംഘത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികളായ അഞ്ച് ജൂത അമേരിക്കൻ ആക്ടിവിസ്റ്റുകൾ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സായുധ കുടിയേറ്റക്കാർക്ക് പുറമെ ഒരു കൂട്ടം സൈനികരും സംഭവസ്ഥലത്ത് എത്തിയതായും ഹംദാനെ പിടകൂടിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ഹംദാന്റെ കാർ കല്ലുകൊണ്ട് അടിച്ചു തകർക്കുകയും ടയറ് കുത്തിപ്പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. കാറിന്റെ എല്ലാ ജനാലകളും വിൻഡ്ഷീൽഡുകളും തകർന്നിട്ടുണ്ടെന്നും വിവരമുണ്ട്.
വീട്ടിലെത്തിയാണ് സൈന്യം ഹംദാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹംദാനെ അവർ മർദ്ദിച്ചിട്ടുണ്ട്. തലയിലും വയറ്റിലും മുറിവുകളുണ്ട്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അത് രക്തസ്രാവത്തിന് കാരണമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ആംബുലൻസിൽ കയറ്റി കൊണ്ടു പോയ ഹംദാനെ കുറിച്ച് പിന്നീട് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് യുവാൽ എബ്രഹാമം ഒരു എക്സ് പോസ്റ്റിൽ കുറിച്ചു.
The group of armed KKK-like masked settlers that lynched No Other Land director Hamdan Ballal (still missing), caught here on camera. pic.twitter.com/kFGFxSEanY
— Yuval Abraham יובל אברהם (@yuval_abraham) March 24, 2025
1967 മുതൽ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്. മസാഫർ യാട്ടയ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് വെച്ചാണ് ഹംദാൻ ബല്ലാൽ അടക്കമുളള സംവിധായകർ ചേർന്ന് 'നോ അദർ ലാൻഡ്' എന്ന ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററിക്കുളള അവാർഡും 'നോ അദർ ലാൻഡ്' നേടിയിട്ടുണ്ട്. നിർബന്ധിത കുടിയിറക്കവുമായി മല്ലിടുന്ന ഒരു പലസ്തീൻ യുവാവിന്റെ കഥയാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം. ഇസ്രയേലി സൈന്യം പലസ്തീനികളുടെ വീടുകൾ പൊളിച്ചുമാറ്റി വെടിവയ്പ്പ് മേഖലയ്ക്കായി ആ സ്ഥലം ഉപയോഗിക്കുന്നതും കഥയിൽ പ്രതിപാദിക്കുന്നുണ്ട്. 1980-കളിലാണ് ഇസ്രയേൽ സൈന്യം മസാഫർ യാട്ടയെ നിയന്ത്രിത സൈനിക മേഖലയായി പ്രഖ്യാപിക്കുന്നത്.
ഇസ്രയേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലേം ഒഴികെയുള്ള വെസ്റ്റ് ബാങ്കിൽ ഏകദേശം മൂന്ന് ദശലക്ഷം പലസ്തീനികളും നിയമവിരുദ്ധമായ വാസസ്ഥലങ്ങളിലാണ് താമസിക്കുന്നത്.
Content Highlights: Oscar-Winning Palestinian Director Attacked, Arrested In West Bank