
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി അമേരിക്ക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ചൈന പ്രതികാരത്തോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചതെന്നും ചൈന അതില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ട്രംപ് ദയ കാണിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 70ഓളം രാജ്യങ്ങള്‍ താരിഫ് ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ഇതുവരെ നേരത്തെ ചുമത്തിയ 20 ശതമാനവും ഈ മാസം പ്രഖ്യാപിച്ച 34 ശതമാനവുമടക്കം 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് ഇപ്പോള്‍ ട്രംപ് ചുമത്തിയത്. അമേരിക്കയ്‌ക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ചൈന പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്.
ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാല്‍ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ട്രംപിന്റെ പ്രതികാര ചുങ്കത്തിന് പകരമായി ചൈന 34 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു. ഇതു കൂടാതെ അപൂര്‍വ ഭൗമ ധാതുകളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 30 ഓളം യു എസ് സംഘടനകള്‍ക്കും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights: US raises tariffs on Chinese goods to 104 percent after Trump s threat