
വാഷിങ്ടണ്‍: താരിഫ് യുദ്ധത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള പോര് മുറുകുന്നു. ചൈനയ്ക്ക് മേലുള്ള തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഉയര്‍ത്തി. 125 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള വിപണികളോടുള്ള ചൈനയുടെ അനാദരവ് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് 84 ശതമാനം തീരുവ ചുമത്തി ചൈന രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി. ചൈനീസ് ഉത്പന്നങ്ങൾക്ക് നേരത്തെ ചുമത്തിയ 104 ശതമാനത്തിന്റെ അധിക തീരുവയ്ക്ക് പുറമേ വീണ്ടും ഉയർത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനവും ഈ മാസം പ്രഖ്യാപിച്ച 34 ശതമാനവുമടക്കം 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂട്ടിയാണ് 104 ശതമാനമാക്കിയത്. ഇതിന് പിന്നാലെയാണ് തീരുവ വീണ്ടും ഉയർത്തിയുള്ള ട്രംപിന്റെ നടപടി.
ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാൽ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. 20 ശതമാനം പകരചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം' എന്ന് പറഞ്ഞ് 27 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 34 ശതമാനവും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനം തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തിയത്.
Content Highlights: China hit back at Donald Trump With 104 per cent tariffs