
ന്യൂഡൽഹി: യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 145 ശതമാനം തീരുവ ചുമത്തിയതിൽ ഡോണൾഡ് ട്രംപിന് ചൈനയുടെ മറുപടി. നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കി. യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ തങ്ങളുമായി കൈകോർക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ചൈനക്കുമേൽ യുഎസ് 125 ശതമാനം നികുതി ചുമത്തിയത്.
നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ബെയ്ജിങിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയുടെ നടപടിയെ ഭയക്കുന്നില്ലെന്ന് പറഞ്ഞത്. ഈ തന്ത്രങ്ങൾ ചൈനയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘രാജ്യാന്തര നീതിയുടെ സംരക്ഷണത്തിനായി ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ സംയുക്തമായി ചെറുക്കണം. ചൈന ഈ യുദ്ധങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഭയപ്പെടുന്നുമില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം പെരുമാറ്റങ്ങൾ അവസാനിപ്പിക്കണം. യുഎസിന്റെ ഈ തന്ത്രങ്ങൾ ചൈനയുടെ അടുത്ത് വിലപ്പോകില്ല’’, ചൈനീസ് വക്താവ് പറഞ്ഞു.
Content Highlights: Trump's 145% tariff on Chinese goods has been met with defiance from China