എസ്എഫ്‌ഐ സാമൂഹ്യപ്രശ്‌നമായി മാറി, സിപിഐഎം സംഘടന പിരിച്ചുവിടണം; വി ഡി സതീശന്‍

കേരളത്തില്‍ സാമൂഹ്യവിരുദ്ധ പ്രസ്ഥാനമായി മാറിയിരിക്കുകയാണ് അവര്‍

dot image

കാസര്‍ഗോഡ്: എസ്എഫ്‌ഐ സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ കണ്ണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ കേരളത്തില്‍ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സിപിഐഎം നേതൃത്വം ഇടപെട്ട് സംഘടന പിരിച്ചുവിടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ കയറൂരി വിട്ടിരിക്കുകയാണെന്നും ഇതുവഴി പുതുതലമുറയെ ക്രിമിനലുകളാക്കി മാറ്റുകയാണ് സിപിഐഎം ചെയ്യുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയിലും എറണാകുളം ബാര്‍ അസോസിയേഷന്‍ പരിപാടിയിലും എസ്എഫ്‌ഐ അതിക്രമമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.


'കേരളത്തില്‍ സാമൂഹ്യവിരുദ്ധ പ്രസ്ഥാനമായി മാറിയിരിക്കുകയാണ് അവര്‍. ഇന്നലെ കേരളാസര്‍വ്വകലാശാലയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളള കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. അവരെ രക്ഷിക്കാനെത്തിയ പൊലീസിനെയും ഉപദ്രവിച്ചു. ഇന്ന് പുലര്‍ച്ചെ ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവരുടെ വാര്‍ഷികാഘോഷത്തിന് തയ്യാറാക്കി ഭക്ഷണം മുഴുവന്‍ കഴിച്ചുതീര്‍ത്ത് അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. പരിപാടി നടക്കുന്നയിടത്തേക്ക് ഇരച്ചുകയറിയ സംഘം ബഹളമുണ്ടാക്കി, കൂട്ടയടിയായി. അത് രാഷ്ട്രീയ സംഘര്‍ഷമായിരുന്നില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കളമശേരിയില്‍ പോളി ടെക്‌നിക് കോളേജിലും എവിടെ മയക്കുമരുന്ന് പിടിച്ചാലും എസ്എഫ് ഐ പ്രവര്‍ത്തകരുണ്ടാകും. എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഈ സംഘടനയുടെ പേരുണ്ട്. സ്വന്തം സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് നശിച്ചുപോകരുതെന്ന് സിപിഐഎം പറയണം.'- വി ഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ കര്‍തൃത്വം നല്‍കി പുതിയ തലമുറയെ സിപിഐഎം ക്രിമിനലുകളാക്കി മാറ്റുകയാണെന്നും ഈ നടപടിയില്‍ നിന്ന് സിപിഐഎം പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Sfi has become a social issue, cpm should dissolve it says vd satheesan

dot image
To advertise here,contact us
dot image