
വാഷിംഗ്ടൺ: ചരിത്രമായി മാറിയ ബഹിരാകാശ യാത്രയിൽ പോപ്പ് താരം കാറ്റി പെറിയുടെ കൈയ്യിലിരുന്ന പൂവും ഏറെ ശ്രദ്ധപിടിച്ചു പറ്റി. മകൾ ഡെയ്സിയോടുള്ള സ്നേഹത്തിൻ്റെ സൂചനയായാണ് ചരിത്രം കുറിച്ച ബഹിരാകാശ യാത്രയിൽ കാറ്റി പെറി ഒരു ഡെയ്സി പുഷ്പം ഒപ്പം കരുതിയത്. 'ഡെയ്‌സി ഒരു സാധാരണ പുഷ്പമാണ്, പക്ഷേ അവ ഏത് സാഹചര്യത്തിലും വളരുന്നു - അവ സിമന്റിൽ വളരുന്നു, വിള്ളലുകളിലൂടെ വളരുന്നു, മതിലുകളിലൂടെ വളരുന്നു, അവ പ്രതിരോധശേഷിയുള്ളവയാണ്. അവ ശക്തമാണ്, അവ എല്ലായിടത്തും ഉണ്ട്' എന്നും പെറി പ്രതികരിച്ചിരുന്നു. പെറിയുടെ യാത്രയോട് അനുബന്ധിച്ച് മകൾ ഡെയ്സിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചു പറ്റി. ബഹിരാകാശത്ത് നിന്ന് ബ്ലൂ ഒറിജിൻ റോക്കറ്റ് ഭൂമിയിലേക്ക് മടങ്ങുന്നത് കാറ്റി പെറി- ഒർലാൻഡോ ബ്ലൂം ദമ്പതികളുടെ ഡെയ്‌സി അത്ഭുതത്തോടെ നോക്കിനിൽക്കുന്ന വീഡിയോയും ശ്രദ്ധേയമായി.
പെറിയുടെ ആരാധകരിൽ ഭൂരിപക്ഷവും ഇതാദ്യമായാണ് ഡെയ്‌സിയുടെ ചിത്രങ്ങൾ ഇത്ര തെളിമയോടെ കാണുന്നത്. ബ്ലൂമും പെറിയും സാധാരണയായി ഡെയ്സിയുടെ സ്വകാര്യതയെ വളരെയധികം സംരക്ഷിക്കുന്ന മാതാപിതാക്കളാണ്. പലപ്പോഴും മകളെക്കുറിച്ച് വാചാലരാകാറുണ്ടെങ്കിലും ഡെയ്‌സിയുടെ ചിത്രങ്ങൾ അവർ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാറില്ല. 11 മിനിറ്റ് യാത്രയ്ക്ക് ശേഷം പെറിയും സംഘവും ഭൂമിയിൽ ഇറങ്ങുന്നത് നാല് വയസ്സുള്ള പെൺകുട്ടി അത്ഭുതത്തോടെ നോക്കി നിൽക്കുന്ന വീഡിയോ ആണ് പങ്കുവെയ്ക്കപ്പെട്ടത്. "എന്റെ അമ്മേ!" എന്ന് ഒരു മിനി ബഹിരാകാശയാത്രികയുടെ വസ്ത്രം ധരിച്ച ഡെയ്‌സി വിളിച്ചുപറയുന്നത് Space.com പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം. ഇതിന് മുമ്പ് പെറിയുടെ ആരാധകർ ഡെയ്‌സിയുടെ ദൃശ്യങ്ങൾ കണ്ടത് ലാസ് വെഗാസിൽ നടന്ന പെറിയുടെ ഒരു സംഗീത പരിപാടിയിലായിരുന്നു. അന്ന് ക്യാമറ ഡെയ്സിയെ കണ്ണിമചിമ്മുന്ന സമയത്തേയ്ക്ക് പാൻ ചെയ്തിരുന്നു.
യാത്രയ്ക്കിടയിൽ കാറ്റി പെറി റി ലൂയിസ് ആംസ്ട്രോങ്ങിന്റെ ക്ലാസിക് ഗാനമായ 'വാട്ട് എ വണ്ടർഫുൾ വേൾഡ്' പാടിയതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസമാണ് ബഹിരാകാശത്തിലേയ്ക്കുള്ള ചരിത്രം കുറിച്ച യാത്ര ആറംഗ വനിതാ ബഹിരാകാശ യാത്രികർ വിജയകരമായി പൂർത്തിയാക്കിയത്. ബ്ലൂ ഒറിജിൻ്റെ NS-31 ദൗത്യത്തിലെ ആറ് യാത്രികരും സ്ത്രീകളായിരുന്നു എന്നതായിരുന്നു ദൗത്യത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. കഴിഞ്ഞ അറുപത് വർഷത്തിനിടെയുള്ള ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീ യാത്രികർ മാത്രമുള്ള ബഹിരാകാശ ദൗത്യം അടയാളപ്പെടുത്തപ്പെട്ടത്. മനുഷ്യർ ബഹിരാകാശ യാത്ര ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 64 വർഷത്തിനുള്ളിൽ 1963 ൽ സോവിയറ്റ് ബഹിരാകാശയാത്രികയായ വാലന്റീന തെരേഷ്കോവ ഒറ്റയ്ക്ക് പറന്ന ആദ്യ വനിത എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ ദൗത്യം പൂർത്തിയാക്കി 62 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് സ്ത്രീകൾ മാത്രമുള്ള മറ്റൊരു ദൗത്യം ചരിത്രം കുറിക്കുന്നത്. ബഹിരാകാശ ടൂറിസത്തിൻ്റെ വിശാലമായ സാധ്യതകൾ കൂടി തുറന്നിട്ടാണ് ദൗത്യം വിജയകരമായി പൂർത്തിയായത്.
NS 31 ക്രൂ ക്യാപ്സൂൾ ബഹിരാകാശ അതിർത്തിയായ കർമാൻ രേഖയ്ക്ക് മുകളിലൂടെ സഞ്ചരിച്ചാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ആറംഗ സംഘത്തിൽ പെറിയോടൊപ്പം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലോറൻ സാഞ്ചസ്, സിബിഎസ് അവതാരക ഗെയ്ൽ കിംഗ്, മുൻ നാസ റോക്കറ്റ് ശാസ്ത്രജ്ഞയായ ഐഷ ബോവ്, ശാസ്ത്രജ്ഞയും ആക്ടിവിസ്റ്റുമായ അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമ്മാതാവ് കെറിയാൻ ഫ്ലിൻ എന്നിവരും ഉണ്ടായിരുന്നു.
ഇന്ത്യൻ സമയം 7 മണിക്കാണ് വെസ്റ്റ് ടെക്സസിലെ ലോഞ്ച് സൈറ്റ് 1ൽ നിന്ന് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റ് കുതിച്ചുയർന്നത്. ഭൗമോപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ അകലെ കർമാൻ രേഖയും കടന്ന് പേടകം ബഹിരാകാശത്തേക്ക് പ്രവേശിച്ചു. പത്ത് മിനിട്ടും 21 സെക്കൻഡും ശൂന്യാകാശത്ത് ചെലവഴിച്ച സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി.
ഭൂമി വളരെ നിശബ്ദമായാണ് ബഹിരാകാശത്ത് നിന്ന് അനുഭപ്പെട്ടതെന്നായിരുന്നു സംഘാംഗമായ ലോറൻ സാഞ്ചസ് പ്രതികരിച്ചത്. ബഹിരാകാശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിൻ നടത്തിയ 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് NS 31 ദൗത്യം. ദൗത്യത്തിന് എത്ര പണം ചെലവായെന്നോ ആരാണ് അത് നൽകിയതെന്നോ ബ്ലൂ ഒറിജിൻ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Katy Perry’s daughter Daisy is in awe watching her mom return from space on Blue Origin flight