
വാഷിംഗ്ടൺ: രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റോയിട്ടേഴ്സിനും ബ്ലൂംബെർഗിനെയുമാണ് പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നുമാണ് രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആർക്കാണ് ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അദ്ദേഹത്തിന്റെ പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യാനും കഴിയുക എന്നതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ വൈറ്റ് ഹൗസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരത്തെ അസോസിയേറ്റഡ് പ്രസ്സ് നൽകിയ കോടതിയലക്ഷ്യത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിലെ ഫെഡറൽ ജഡ്ജി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ പുതിയ തീരുമാനം. ഓവൽ ഓഫീസിലെ മീറ്റിംഗുകളിൽ പ്രസിഡൻ്റ് നടത്തുന്ന പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും കഴിയുന്ന 10ഓളം സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് പ്രസ് പൂൾ. സ്വദേശത്തോ വിദേശത്തോ പ്രസിഡൻ്റ് യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തെ അനുഗമിക്കാനും അത് റിപ്പോർട്ട് ചെയ്യാനും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും പ്രസ് പൂളിലുള്ള സ്ഥാപനങ്ങൾക്ക് സാധിക്കും. അതിലൂടെ പ്രസിഡന്റിനെയും വൈറ്റ് ഹൗസിനെയും കൂടുതൽ ദൈനംദിനമെന്നോണം നേരിട്ട് കവർ ചെയ്യാനും ഈ സ്ഥാപനങ്ങൾക്ക് സാധിക്കും. അമേരിക്കയിലെ മറ്റ് മാധ്യമ സ്ഥാപനങ്ങളും അമേരിക്കയിൽ സാന്നിധ്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളും തത്സമയ റിപ്പോർട്ടിംഗ്, വീഡിയോ, ഓഡിയോ എന്നിവയ്ക്കായി പ്രസ് പൂളിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ അമേരിക്കൻ ജനതയോടുള്ള കടുത്ത അവഹേളനമാണെന്നാണ് അസോസിയേറ്റഡ് പ്രസ് പ്രതികരിച്ചത്. അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ്, റോയിട്ടേഴ്‌സ്
എന്നീ മാധ്യമങ്ങൾ പ്രസ് പൂളിലെ സ്റ്റാൻഡേർഡ് അംഗങ്ങളായിരുന്നു. അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ജലാശയത്തെ 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് പരാമർശിക്കണമെന്ന ട്രംപിൻ്റെ ഉത്തരവ് നിരാകരിച്ചതിനെ തുടർന്നായിരുന്ന കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് അസോസിയേറ്റഡ് പ്രസിനെ പ്രസ് പൂളിൽ നിന്നും വിലക്കിയത്. വൈറ്റ് ഹൗസ് തീരുമാനത്തോട് ബ്ലൂംബർഗ് പ്രതികരിച്ചിട്ടില്ല.
എയർ ഫോഴ്‌സ് വൺ, ഓവൽ ഓഫീസ് പോലുള്ള ഇടങ്ങളിൽ ആർക്കാണ് വളരെ വിശേഷാധികാരമുള്ളതെന്നും പരിമിതവുമായ പ്രവേശനം അനുവദിക്കുക എന്നും തന്റെ ടീം തീരുമാനിക്കുമെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയത്.
ഓവൽ ഓഫീസിലും എയർഫോഴ്‌സ് വണ്ണിലും പ്രസ്പൂളിലുള്ളവർക്ക് തത്സമയം റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ അസോസിയേറ്റഡ് പ്രസിൻ്റെ പത്രപ്രവർത്തകരെ അനുവദിക്കണമെന്ന് വാഷിംഗ്ടണിലെ ഒരു ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. അതുപോലെ തന്നെ കേസ് മുന്നോട്ട് പോകുമ്പോൾ വൈറ്റ് ഹൗസിലെ വലിയ ഇടങ്ങളും
എഡിറ്റോറിയൽ നിലപാടുകളുടെ പേരിൽ വൈറ്റ് ഹൗസ് എപിക്കെതിരെ പ്രതികാരം ചെയ്തുവെന്നും അമേരിക്കൻ ഭരണഘടനയ്ക്ക് കീഴിലുള്ള സ്വതന്ത്രമായ അഭിപ്രായത്തിനുള്ള സംരക്ഷണങ്ങൾ ലംഘിച്ചുവെന്നും ജഡ്ജി കണ്ടെത്തിയിരുന്നു. വൈറ്റ് ഹൗസ് വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് മറ്റ് രണ്ട് സ്ഥാപനങ്ങളെക്കൂടി പ്രസ് പൂളിൽ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയിരിക്കുന്നത്.
Content Highlights: In latest media crackdown, White House limits newswire access to Trump