ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച

അദ്ദേഹത്തിന്റെ വസതിയായ സാൻ്റ മാർത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്

dot image

വത്തിക്കാൻ സിറ്റി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ മീറ്റർ കിരീടവും കയ്യിൽ ജപമാലയും കാണാം. അദ്ദേഹത്തിന്റെ വസതിയായ സാൻ്റ മാർത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്. ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം നടത്താൻ കർദ്ദിനാൾമാരുടെ യോഗം തീരുമാനിച്ചു. വത്തിക്കാൻ പ്രദേശിക സമയം 10 മണിക്കാണ് കബറടക്കം. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കർദിനാൾമാരുടെ യോഗം 12 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിൽ പങ്കെടുക്കാനും മറ്റ് ചടങ്ങുകൾക്കുമായി കേരളത്തിൽ നിന്ന് ക്ലിമിസ് കതോലിക്കാ ബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു.

മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. വത്തിക്കാനിലെ പ്രാദേശിക സമയം ഒൻപത് മണിക്കാണ് പൊതുദർശനം. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ നടക്കുക സെന്‍റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പുറത്ത് വെച്ചായിരിക്കും. ഇതിന് ശേഷം ഭൗതികശരീരം സെൻ്റ് മരിയ മജോറയിലേയ്ക്ക കൊണ്ടുപോകും. ഡീന്‍ ഓഫ് കര്‍ദിനാള്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തൻ്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാൻ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. മുൻ മാർപാപ്പമാരിൽ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് തനിക്ക് അന്ത്യവിശ്രമം റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിരിക്കുന്നത്.

പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പോപ്പിന്റെ ജന്മനാടായ അർജന്റീനയുടെ പ്രസിഡന്റും ചടങ്ങിനെത്തും. ലോകത്തെ വിവിധ രാജ്യങ്ങളാണ് മാർപാപ്പയുടെ വിയോ​ഗത്തിൽ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകി. ഔദ്യോ​ഗിക ദുഃഖാചരണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പതാക താഴ്ത്തി കെട്ടണമെന്നാണ് കേന്ദ്ര നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഔദ്യോഗിക പരിപാടികളും മാറ്റിവയ്ക്കണമെന്നും കേന്ദ്ര സർക്കാർ അറിയിപ്പിലുണ്ട്.

മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ ഇന്നലെ അണച്ചിരുന്നു. ഈഫർ ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും മാറ്റിവെച്ചിരുന്നു. അമേരിക്കയിൽ വൈറ്റ് ഹൗസിൽ ഉൾപ്പെടെ ദേശീയ പതാകകൾ ദു:ഖാചണത്തിൻ്റെ ഭാഗമായി പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു.അർജൻ്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണവുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീലിൽ ഏഴ് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണമാണ് പ്രസിഡൻ്റ് ലുല ഡ സിൽവ പ്രഖ്യാപിച്ചിരിക്കുന്നത്. മാ‌ർപാപ്പയുടെ വിയോ​ഗത്തെ തുട‍ർ‌ന്ന് ഓസ്ട്രേലിയയിലെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചിട്ടുണ്ട്.

Content Highlights:
Pope Francis' funeral on Saturday

dot image
To advertise here,contact us
dot image