
ന്യൂഡൽഹി: ബില്ലുകൾ വൈകിപ്പിക്കുന്നത് സംബന്ധിച്ച് തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രസർക്കാർ. കേരള ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിന്റെ വാദം.
ജസ്റ്റിസ് പി എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്കെതിരായ കേസില്‍ സുപ്രീം കോടതി തീരുമാനമെടുത്ത സാഹചര്യത്തിൽ ഹര്‍ജി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ തമിഴ്‌നാട് കേസിലെ വിധി കേരളത്തിന് ബാധകമല്ലെന്നും രണ്ട് ഹര്‍ജികളിലെയും വസ്തുതകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിധിന്യായം പരിശോധിച്ചുവരുന്നുവെന്നും എന്നാൽ ചില കാര്യങ്ങള്‍ കേരളത്തിനും അനുകൂലമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി പിന്നീട് കോടതിയിൽ പറഞ്ഞു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി വിശദമായി മെയ് ആറിന് വാദം കേള്‍ക്കും.
ഏപ്രിൽ എട്ടിനാണ് ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
തുടർന്ന് ബില്ലുകളില്‍ തീരുമാനമെടുക്കാനും കോടതി സമയ പരിധി നിശ്ചയിച്ചു. ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഗവര്‍ണറുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
Content Highlights: Centre against kerala on Governor row