
വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേര്‍സ് ബസിലിക്കയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേര്‍സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വിലാപയാത്രയായി ഭൗതിക ശരീരം സെന്റ് മേരി ബസിലിക്കയില്‍ എത്തിച്ചു. മാര്‍പാപ്പയെ അവസാനമായി കാണാന്‍ വഴികള്‍ക്കിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.
ലക്ഷക്കണക്കിന് പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി. മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ റിപ്പോര്‍ട്ടര്‍ ടിവി സംഘവും വത്തിക്കാനിലെത്തി. റിപ്പോര്‍ട്ടര്‍ ടി വി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍, എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍, ഡല്‍ഹി ബ്യൂറോ റീജിയണല്‍ ചീഫ് പി ആര്‍ സുനില്‍, ക്യാമറാ പേഴ്സണ്‍ നന്ദു പേരാമ്പ്ര എന്നിവരാണ് വത്തിക്കാനിലെത്തിയത്.
ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നും പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
Content Highlights: Pope Francis reaches final resting place