മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്ത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ദിവസം മുതൽ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും യുവാവ് സന്ദർശിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ നാലിനാണ് യുവാവിന് നിപ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നാലിനും അഞ്ചിനും യുവാവ് വീട്ടിൽ തന്നെയായിരുന്നു. ആറാം തീയതി സ്വന്തം കാറിൽ രാവിലെ 11.30 ഓടെ ഫാസിൽ ക്ലിനിക്കിലുണ്ടായിരുന്നു. ഇവിടെ നിന്നും 12 മണിയോടെ കാറിൽ വീട്ടിലേക്ക് തിരിച്ചു. അന്നേ ദിവസം രാത്രി 7.30 ഓടെ കാറിൽ ബാബു പാരമ്പര്യ വൈദ്യശാലയിലേക്ക് പോയി.7.45ന് അവിടെ നിന്നും ജെഎംസി ക്ലിനിക്കിലെത്തി. 8.18 ക്ലിനിക്കിലെത്തി യുവാവ് രാത്രി 10.30 വരെ ഇവിടെയാണുണ്ടായത്. പിന്നീട് കാറിൽ വീട്ടിലേക്ക് മടങ്ങി.
ഏഴാം തീയതി ഓട്ടോയിൽ രാവിലെ 9.20ന് നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി. 9.30ന് അവിടെ നിന്നും ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങി. ഇതിന് ശേഷം രാത്രി 7.45ന് സ്വന്തം കാറിൽ നിംസ് ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ യുവാവ് എത്തിയിരുന്നു. 8.24ന് യുവാവിനെ ഐസിയുവിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് 1.25ഓടെ എംഇഎസ് ഹോസ്പിറ്റലിലെത്തിച്ചു. പിന്നീട് 2.06 ന് എമർജൻസി വിഭാഗത്തിലേക്കും 3.59ന് എംആർഐ മുറിയിലേക്കും മാറ്റി. ആറ് മണി വരെ ഇവിടെ തുടർന്ന യുവാവിനെ 6.10ന് എംഐസിയു യൂണിറ്റ് വണ്ണിലേക്ക് മാറ്റി.
സെപ്റ്റംബർ 9ന് പുലർച്ചെ ഒരു മണിക്ക് യുവാവിനെ എംഐസിയു യൂണിറ്റ് രണ്ടിലേക്ക് മാറ്റുകയായിരുന്നു. 8.46 വരെ എംഐസിയു യൂണിറ്റ് രണ്ടിൽ തുടർന്ന യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവാവിന്റെ മരണാനന്തര ചടങ്ങുകളിലും നിരവധി പേർ പങ്കെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. നിലവിൽ നിപ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കിയി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് എന്നീ വാർഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്. മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
175 പേരാണ് നിലവിൽ സമ്പർക്കപട്ടികയിലുള്ളത്. 74 പേർ ആരോഗ്യപ്രവർത്തകരാണ്. പ്രൈമറി കോൺടാക്ട് പട്ടികയിൽ 126 പേർ. സെക്കൻഡറി കോൺടാക്ട് പട്ടികയിൽ 49 പേരുമുണ്ട്. പ്രൈമറി പട്ടികയിൽ ഉള്ള 104 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവർ. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ 13 പേരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
ബംഗളൂരുവിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട യുവാവ്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കോളേജിൽ നിന്നുള്ള സുഹൃത്തുക്കളും യുവാവിന്റെ വീട്ടിലെത്തിയിരുന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ 15ൽ 13 പേരും കേരളത്തിൽ തന്നെയാണുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ തിരിച്ചെത്തിയവരോട് പുറത്തിറങ്ങരുതെന്നും നെഗറ്റീഫ് ഫലം ലഭിച്ച ശേഷം മാത്രം ക്ലാസ് മുറികളിൽ എത്തിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.