പി പി ദിവ്യയുടെ അറസ്റ്റ് നാടകം; ദിവ്യ ഒളിച്ചിരുന്നത് പാർട്ടി ലാവണത്തിൽ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

'ഒരു കുറ്റവാളിക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം ആണ് പാർട്ടി നൽകിയത്'

dot image

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് നാടകമാണെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദിവ്യയെ പാർട്ടി ​ഗ്രാമങ്ങളിൽ ഒളിപ്പിക്കാൻ ശ്രമിച്ചു. ഒരു കുറ്റവാളിക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം ആണ് പാർട്ടി നൽകിയത്. ദിവ്യ ഒളിച്ചിരുന്നത് പാർട്ടി ലാവണത്തിലെന്നും അദ്ദേഹം പറഞ്ഞു.

കീഴടങ്ങാൻ പോകുന്നതിനിടെയായിരുന്നു പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി പി ദിവ്യയെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽഎത്തിച്ചിട്ടുണ്ട്. കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. ദിവ്യയെ പൊലീസ് വാഹനത്തിൽ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.

പി പി ദിവ്യയെ ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നടപടികൾക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ ചോദ്യം ചെയ്ത് നടപടികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം കോടതി പരിഗണനയിലായിരുന്നു.

കോടതി മുൻകൂർ ജാമ്യ ഹർജി നിരസിച്ചു. തുടർന്ന് നമ്മുടെ ടീമിനെ അയച്ച് കസ്റ്റഡിയിലെടുത്തു. പി പി ദിവ്യക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ നൽകിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസും അയച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ദിവ്യ. നടപടികൾ പൂർത്തിയായാൽ മറ്റ് കാര്യങ്ങൾ അറിയിക്കാമെന്നും കമ്മീഷണറ്‍ വ്യകതമാക്കി.

അതേസമയം അറസ്റ്റിന് പിന്നാലെ പി പി ദിവ്യയെയും സിപിഐഎമ്മിനേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്തെത്തിയിരുന്നു. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് തെറ്റായ വാദമാണെന്ന് അ​ദ്ദേഹം പറഞ്ഞു. ദിവ്യ പാർട്ടി ഗ്രാമത്തിൽ സംരക്ഷണത്തിലായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞത് മുഴുവൻ ശരിയാണെന്നും വി ഡി സതീശൻ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിർദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചത്. അവരെ രക്ഷപ്പെടുത്താനുള്ള മുഴുവൻ ശ്രമവും നടത്തി.

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അഴിമതിക്കെതിരെ ശബ്ദമുയർത്തി ഒരു ആദർശത്തിന്റെ പരിപ്രേഷ്യം കൂടി ഈ പ്രതിക്ക് കൊടുക്കാൻ പാർട്ടി ശ്രമിച്ചു. എന്നാൽ ദയനീയമായി പരാജയപ്പെട്ടു. അഴിമതിക്കാരനെന്ന് അദ്ദേഹത്തെ താറടിക്കാനുള്ള ശ്രമം വ്യജ ഒപ്പിലൂടെയാണ് നടത്തിയതെന്ന് മാധ്യമങ്ങൾ തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Thiruvanchoor Radhakrishnan says PP Divya's arrest a drama

dot image
To advertise here,contact us
dot image