കോഴിക്കോട്: സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന് പിന്തുണയുമായി സമസ്തയിലെ ലീഗ് വിരുദ്ധ ചേരി. ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരാതി കൊടുത്തത് അംഗീകരിക്കാനാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയിലെ ലീഗ് വിരുദ്ധ അംഗങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സമസ്ത പ്രസിഡന്റിനെതിരെയും ദുഷ്പ്രചരണം നടത്തുന്നെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയടക്കം ഇത്തരം പ്രചരണം നടത്തുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സമസ്തയുടെ പണ്ഡിതരെ പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരമെന്നും ലീഗ് വിരുദ്ധ ചേരി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു. മുസ്‌ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പിന്നാലെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ ലീഗ് രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒമ്പത് പേര്‍ ഒപ്പിട്ട പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന:
മത വിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണ്. സമസ്ത സെക്രെട്ടറി ഉമര്‍ ഫൈസി മുക്കത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല.
മത പണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വര്‍ധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു. സമസ്ത പ്രസിഡന്റ് ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നു.
മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉത്തവാദിത്തപ്പെട്ട നേതാക്കള്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നതില്‍ സമസ്ത നേതൃത്വം നേരെത്തെ പ്രധിഷേധം അറിയിച്ചതാണ്. ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ്. കേരള മുസ്‌ലിങ്ങളിലെ സിംഹഭാഗത്തെ പ്രധിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതില്‍ സലഫി - ജമാഅത്ത് -തീവ്ര വാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇസ്‌ലാമിലെ പരിഷ്‌കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് നിമിത്തമായിട്ടുള്ളത്.
സി. ഐ.സി വിഷയത്തില്‍ സയ്യിദ് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള മധ്യസ്ഥന്മാര്‍ പലവട്ടം എടുത്ത മധ്യസ്ഥ തീരുമാനങ്ങള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞെന്നു മാത്രമല്ല മധ്യസ്ഥന്മാര്‍ വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിര്‍ത്തപ്പെട്ടയാളെ വീണ്ടും
ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിര്‍ത്തിയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും പ്രധാന്യം നല്‍കിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണം.
പ്രസ്താവനയില്‍ ഒപ്പ് വെച്ച സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാര്‍ :-
യൂഎം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍
വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി
എവി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍
ഒളവണ്ണ അബൂബക്കര്‍ ദാരിമി
പി എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്
ഐ ബി ഉസ്മാന്‍ ഫൈസി
എറണാകുളം
ബീ കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ
അബ്ദുസലാം ദാരിമി ആലമ്പാടി
ഉസ്മാനുല്‍ ഫൈസി തോടാര്‍
Content Highlights: Some leaders in Samastha against Muslim League