'ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം'; ബിനോയ് വിശ്വം

ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ ചട്ടങ്ങള്‍ ലംഘിച്ചത് സുരേഷ് ഗോപി തന്നെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു

dot image

കൊച്ചി: തൃശൂര്‍ പൂരത്തിനിടെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബിജെപി പറഞ്ഞതെന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും ആ നാട്യം എന്നും തുടര്‍ന്നാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 'ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ ചട്ടങ്ങളുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചത് സുരേഷ് ഗോപി തന്നെയാണ്. ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം', ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം പൂരത്തിനിടെ ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് സുരേഷ് ഗോപി സ്ഥിരീകരിച്ചു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ്‌ഗോപിയുടെ വാദം.


15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

'ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത്', സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ ആംബുലന്‍സില്‍ പോയില്ലെന്നും അത് മായക്കാഴ്ചയാണെന്നുമായിരുന്നു സുരേഷ് ഗോപി ചേലക്കരയില്‍ പറഞ്ഞത്. സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Content Highlights: CPI Secretary Binoy Viswam against Suresh Gopi

dot image
To advertise here,contact us
dot image