തിരുവനന്തപുരം: ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിയില്ല. സാധാരണ തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയണ്ടത്. എന്നാൽ അത് പറയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചേലക്കരയിൽ ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. പി സരിന് മണ്ഡലത്തിൽ മികച്ച വിജയം നേടാനാകും. തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കൽപ്പാത്തി രഥോത്സവം കലങ്ങാൻ സിപിഐഎം സമ്മതിക്കില്ല. കോൺഗ്രസിൽ ഒരു പാട് മുഖ്യമന്ത്രി മോഹികളുണ്ട്. അതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ തർക്കമെന്നും അദ്ദേഹം പരിഹസിച്ചു.
തൃശൂർ പൂരം അലങ്കോലമായപ്പോൾ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ തന്നെ കണ്ട കാഴ്ച്ച മായക്കാഴ്ച ആണോ എന്ന് അറിയാൻ പിണറായി പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അത് അന്വേഷിക്കാൻ സിബിഐ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണ്. പൂരം കലക്കലിൽ സിബിഐയെ ക്ഷണിച്ചു വരുത്താൻ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവർ അതിന് തയാറുണ്ടോ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
ഇതിന് പിന്നാലെ ഇന്ന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സുരേഷ് ഗോപി സമ്മതിച്ചിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം.15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം നടത്തിയത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Content Highlight: MV Govindan slams Suresh Gopi over his arrogant remarks