ശ്രേഷ്ഠ ബാവയ്ക്ക് വിട... ഇന്ന് പൊതുദർശനം, സംസ്കാരം നാളെ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ബാവയുടെ അന്ത്യം

dot image

എറണാകുളം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിട നൽകാനൊരുങ്ങി നാട്. ഇന്ന് കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പുത്തൻകുരിശെത്തിച്ചാണ് സംസ്കരിക്കുക.

ബാവയുടെ ഭൗതികശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ശേഷം കോതമംഗലം ചെറിയ പള്ളിയിലാണ് എത്തിക്കുക. തുടർന്ന് അവിടെ പൊതുദർശനത്തിന് വെയ്ക്കും. ഇന്ന് രാവിലെ 8 മണിക്ക് ചെറിയ പള്ളിയിൽ വിശുദ്ധ കുർബാന നടക്കും. 9.30ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിന് ശേഷം 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും.

ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് ഭൗതികശരീരം എത്തിക്കും. തുടർന്ന് 4 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതുദർശനമുണ്ടാകും.

നാളെയാണ് സംസ്കാരം നടക്കുക. ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. ശേഷം 3 മണിയോടെ കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും. ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളിവക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണമാണ് ആചരിക്കുക.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ബാവയുടെ അന്ത്യം. പ്രതിസന്ധിഘട്ടങ്ങളില്‍ സഭയെ മുന്നോട്ട് നയിച്ച ഊര്‍ജവും ശക്തിയുമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. 50 വർഷക്കാലത്തോളം സഭയെ അദ്ദേഹം മുന്നിൽനിന്ന് നയിച്ചു. അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടത് ബാവയാണ്. വൈദികന്‍, ധ്യാനഗുരു, സുവിശേഷപ്രസംഗകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി. യാക്കോബായ സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു ബാവ.

1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.

Content Highlights: cremation of Baselios Thomas tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us