പാലക്കാട് സരിന് വോട്ട് നൽകുമെന്ന് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും വാർഡ് മെമ്പറും, അനുനയിപ്പിക്കാൻ ശ്രീകണ്ഠൻ

ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്.

dot image

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും രംഗത്തെത്തിയതോടെ അനുയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗവുമായ സിതാരയുമാണ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്.

ഷാഫി വോട്ടര്‍മാരെ ചതിച്ചെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ഷാഫിയുടെ നോമിനിയായ രാഹുലിന് പിന്തുണയില്ലെന്നും ശശിയും സിതാരയും പറഞ്ഞിരുന്നു. അതേസമയം ഇരുവരെയും അനുയിപ്പിക്കാന്‍ വി കെ ശ്രീകണ്ഠന്‍ എംപി നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പിരായിരിയിലെ ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. ശ്രീകണ്ഠന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ടുവെന്നും എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ശശി പറഞ്ഞു. പക്ഷേ പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് ശശിയും സിതാരയും തന്നോട് പറഞ്ഞതെന്നാണ് വി കെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇരുവര്‍ക്കും പരാതിയുണ്ടായിരുന്നുവെന്നും അതെല്ലാം പരിഹരിക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കില്ലെന്നും അവര്‍ വിഷമം കൊണ്ടാണ് അങ്ങനെ പറയുന്നതെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മണ്ഡലത്തില്‍ എംഎല്‍എക്ക് കഴിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പിരായിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content highlights: Palakkad Congress issue Sreekandan try to resolve

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us