ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായി വള്ളംകളി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16 മുതൽ ഡിസംബര്‍ 21വരെയായിരിക്കും സിബിഎൽ നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും.
താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്‍റ് ട്രോഫിയോടെയായിരിക്കും സിബിഎൽ സമാപിക്കുക. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സിബിഎൽ മാറ്റിവെച്ചതിനു പിന്നാലെ ആശങ്കകൾ അറിയിച്ച് ബോട്ട് ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നു. സിബിഎൽ ഉപേക്ഷിച്ചതോടെ വള്ളംകളി സമിതികളും ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലായി. ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്ത ക്ലബ്ബുകളും വള്ളംകളി സമിതികളുമാണ് പ്രതിസന്ധിയിലായത്. ഇവരുടെ ആവശ്യം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. വാർത്ത റിപ്പോർട്ടർ ടിവി വലിയ പ്രാധാന്യത്തോടെ സർക്കാരിന്റെ ശ്രദ്ധയിലേക്കെത്തിച്ചിരുന്നു. പിന്നാലെ, ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുമെന്നും ഇതിനായി എല്ലാ ഇടപെടലും ടൂറിസം വകുപ്പ് നടത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. റിപ്പോർട്ടർ ടിവിയുടെ വള്ളംകളി വിളംബര യാത്ര പ്രത്യേക പരിപാടിയിലായിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
'മാസങ്ങളോളം തയ്യാറെടുപ്പ് വേണ്ട, ടൂറിസത്തിന്റെ പ്രധാന പരിപാടിയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മാറ്റിയത്. സിബിഎല്‍ സംഘടിപ്പിക്കണമെന്നാണ് ടൂറിസം വകുപ്പിന്റെ നിലപാട്. അത് സംഘടിപ്പിക്കാനുള്ള ഇടപെടല്‍ നടത്തും. ചാമ്പ്യന്‍ ബോട്ട് ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. സിബിഎല്‍ സംഘടിപ്പിക്കണമെന്ന് തന്നെയാണ് തീരുമാനം. ധനകാര്യവകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഇനി ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം ഉന്നയിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഗംഭീരമായി നടത്താനുള്ള എല്ലാ ഇടപെടലുകളും നടത്തും', എന്നാണ് അന്ന് മന്ത്രി പറഞ്ഞത്.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി മത്സരം നടത്തിയിരുന്നെങ്കിലും സിബിഎല്ലിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിക്ക് മൂന്ന് നാള്‍ മാത്രം ശേഷിക്കെ ചാമ്പ്യന്‍സ് ലീഗും നടത്തുമെന്ന മന്ത്രിയുടെ പ്രതികരണം ബോട്ട് ക്ലബുകള്‍ക്ക് ആശ്വാസം നൽകിയെങ്കിലും എപ്പോൾ നടത്തുമെന്നതിൽ അനിശ്ചിതത്വം തുടരുകയായിരുന്നു.
Content Highlights: champions boat league cbl will be held from november 16|