തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. ഒറ്റ തന്ത പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി പരിഹസിച്ചു.
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്.
'പൂരം കലക്കല്‍ നല്ല ടാഗ് ലൈന്‍ ആണ്. പൂരം കലക്കലില്‍ സിബിഐയെ ക്ഷണിച്ചു വരുത്താന്‍ തയ്യാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവര്‍ അതിന് തയ്യാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടാന്‍ യോഗ്യരായി നില്‍ക്കേണ്ടി വരും', സുരേഷ് ഗോപി പറഞ്ഞു. നാലു ദിവസം മുമ്പാണ് പൂരം കലക്കിയില്ലെന്ന് ഒരു മഹാന്‍ വിളിച്ചു പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു.
സിപിഐഎം, കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിനതിരെ രംഗത്ത് വന്നിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദത്തിലായതോടെ തന്റെ വാചകങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സിനിമ ഡയലോഗ് എന്ന രീതിയിലാണ് പരാമര്‍ശം നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അതേസമയം ഈ വര്‍ഷത്തെ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. ഏറ്റവും അധികം പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ എവര്‍റോളിങ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ജാഥ ആരംഭിച്ചത്.
കാസര്‍കോട് ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ദീപശിഖ കൊളുത്തി ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഡിസ്‌കസ്‌ത്രോ ജേതാവ് കെ സി സര്‍വാന് കൈമാറി. ഘോഷയാത്ര നാലിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സമാപിക്കും. 17 സ്റ്റേഡിയങ്ങളിലായി നാലു മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
Content Highlights: Minister V Sivan kutty against Suresh Gopi