വയനാട്ടില്‍ ശരീരഭാഗം കണ്ടെത്തി; ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്ന് സംശയം

മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്

dot image

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പെട്ടയാളുതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നുമാണ് ശരീരഭാഗം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹ ഭാഗം.

തേന്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയവരാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ. പരപ്പന്‍പാറയിലെ വനമേഖലയിലാണ് അസ്ഥിയുടെ ഭാഗം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിവരം ലഭിച്ചതിന്‌റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് പരപ്പന്‍പാറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മൃതദേഹഭാഗം ഇന്ന് പുറത്തെത്തിക്കാനാകുമോ എന്ന കാര്യത്തില്‍ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. വനത്തിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നടക്കാനുണ്ടെന്നും അതിനാല്‍ സംഘം എത്തി മൃതദേഹഭാഗമെടുക്കുന്നത് ദുഷ്‌കരമായേക്കാമെന്നും തൊഴിലാളികള്‍ പറയുന്നു. ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്യുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പരപ്പന്‍പാറയിലേക്ക് തിരിച്ചിരിക്കുന്നത്.

തിരച്ചില്‍ നിര്‍ത്തയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആരുടേതെങ്കിലും ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. നേരത്തേയും പരപ്പന്‍പാറയില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ജനകീയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

47 പേരെയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കാണാതായത്. ജൂലൈ 29നായിരുന്നു വയനാട്ടിലെ ചൂര്‍മല-മുണ്ടക്കൈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്. അതിശക്തമായി നിര്‍ത്താതെ പെയ്ത മഴയായിരുന്നു ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഏഴ് കിലോമീറ്ററോളമാണ് പാറക്കല്ലുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി നീങ്ങിയത്.

Content Highlight: Body part found from parappanpara, police suspects body of victim of landslide

dot image
To advertise here,contact us
dot image