കൊടകര കുഴല്‍പ്പണക്കേസ് സര്‍ക്കാര്‍ അന്വേഷിക്കണം, ഡീലുണ്ടാക്കാനല്ല, സത്യസന്ധമായി: കെ മുരളീധരന്‍

'പണമൊഴുക്കുന്ന കാര്യത്തില്‍ ബിജെപി ഓഫീസ് മാത്രമല്ല. മറ്റ് പല ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥ. നമുക്ക് ഇതൊന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല'

dot image

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി വിഷയം അവസാനിക്കരുത്. സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. ഇത് തടയാന്‍ കേരളം ശക്തമായ നിലപാട് സ്വീകരിക്കണം. ഇഡിക്ക് കത്ത് കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിന് പിന്മാറാന്‍ സാധിക്കില്ല. അന്വേഷണം സത്യസന്ധമായി നടത്തണം. ഡീലുണ്ടാക്കാന്‍ വേണ്ടിയാകരുത്', കെ മുരളീധരന്‍ പറഞ്ഞു. പണമൊഴുക്കുന്ന കാര്യത്തില്‍ ബിജെപി ഓഫീസ് മാത്രമല്ല. മറ്റ് പല ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥ. നമുക്ക് ഇതൊന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്താം തീയതി പോകും. പാലക്കാട് തിരഞ്ഞെടുപ്പിന് കര്‍ഷകരെ കുറിച്ച് ചര്‍ച്ചയാകുന്നില്ല. ഉള്‍പാര്‍ട്ടി പോരും മറ്റുമല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്. ഇത്തരം വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് 'ഇവിടെ അല്ലെങ്കില്‍ തന്നെ പ്രശ്‌നമാണെ'ന്നായിരുന്നു അദ്ദേഹത്തിന്‌റെ പ്രതികരണം.

പൂരം കലക്കലിൽ ആംബുലൻസിലെത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വരെയുള്ള കേസ് മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ നേതാവ് അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസടുത്തത്. ഐപിസി 279, 34, മോട്ടോർ വെഹിക്കിൾ ആക്ട് തുടങ്ങിയവ പ്രകാരമാണ് കേസ്. സുരേഷ് ഗോപിയുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: Congress leader K Muraleedharan says govt must investigate Kodakara case

dot image
To advertise here,contact us
dot image