മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാക്കുന്നത്

നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നിയന്ത്രിത അളവില്‍ ഉയര്‍ത്തി ജലം പുറത്ത് വിടേണ്ടി വരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറക്കുന്നത്. ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാനുള്ള സാഹചര്യമുണ്ട്. കക്കാട്ടാറിന്റേയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞദിവസം സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. തൃശൂരിലും ചാലക്കുടിയിലും വൈകീട്ട് മുതൽ രാത്രി വരെ ശക്തമായ മഴ പെയ്തിരുന്നു. ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.


തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് അങ്കണവാടിയിലും 4 വീടുകളിലും വെള്ളം കയറി. കഴക്കൂട്ടം സർവീസ് റോഡിലും ടെക്നോപാർക്ക് റോഡിലും ചാക്ക മുട്ടത്തറ റോഡിലും വെള്ളം കയറി. കനത്ത മഴ തീര പ്രദേശങ്ങളിലും മലയോര മേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കി. വിഴിഞ്ഞം , അടിമലത്തുറ , പൂവാർ , പുല്ലുവിള , ഉച്ചക്കട, പള്ളം, പൂന്തുറ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയത്തും പാറശ്ശാലയിൽ ഇരുപതിനായിരം വാഴകൾ ഒടിഞ്ഞുവീണു. കഴക്കൂട്ടം സർവീസ് റോഡിലും ടെക്നോപാർക്ക് റോഡിലും വെള്ളം കയറി. ജില്ലയില്‍ കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി. ഡാമിന് പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തെക്കന്‍ കേരളത്തിൽ പൂര്‍ണമായും വടക്കന്‍ കേരളത്തില്‍ ഭാഗികമായും മഴ ശക്തി പ്രാപിക്കും.

Content Highlights: Heavy Rain Alert In Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us