കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.
എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സ്‌കൂൾ കായികോത്സവം തിങ്കളാഴ്ചാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലിന് ഉദ്‌ഘാടനച്ചടങ്ങ് ആരംഭിക്കും. കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്കൂളുകൾ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നത്.
മേളയുടെ ബ്രാൻഡ് അംബാസഡർ പി ആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. 11ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രി എവർറോളിങ് ട്രോഫി സമ്മാനിക്കും.
Content Highlights: State School Sports Festival; Kochi Metro plans to provide free travel for students