തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും. ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് നീക്കം. സർക്കാർ തലത്തിലും അന്വേഷണം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നല്‍കിയതായാണ് വിവരം.
കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഉടനെ ഫോൺ മാറ്റുമെന്നും ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. തുടർന്നാണ് കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സംഭവം വിവാദമായതിന് പിന്നാലെ ഗോപാലകൃഷ്ണൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ അറിവോടെയല്ല സംഭവമെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. തന്റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചുവെന്നും മല്ലു മുസ്ലിം എന്ന പേരിലും ഗ്രൂപ്പുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. മറ്റാരോ ഫോണ്‍ ഹാക്ക് ചെയ്തു. സുഹൃത്താണ് വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. അപ്പോൾ തന്നെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പ് നിർമ്മിച്ചത് മറ്റാരോ ആണെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്.
Content Highlights: special cyber team will investigate the Hindu WhatsApp group complaint of IAS officers